ഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്, വിജയികള്‍ക്ക് 25 ലക്ഷം

കേരളത്തിലെ ടൂറിസത്തിനെയും മണ്‍സൂണ്‍ കാലത്തെ ബോട്ട് റേസുകളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേരള സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് വിജയികള്‍ക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇന്നലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ആണ് ബോട്ട് ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തത്. സമ്മാനത്തുകയും മന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്.

നെഹ്റു ട്രോഫി വള്ളം കളിയോടൊപ്പം ഓഗസ്റ്റ് 11നു തന്നെ ഐപിഎല്‍ മാതൃകയിലുള്ള ലീഗില്‍ 13 ഇടങ്ങളിലായി 13 റേസുകളാവും ഉണ്ടാകുക. രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം രൂപ 15 ലക്ഷവും 10 ലക്ഷവും സമ്മാനമായി ലഭിക്കും. അതാത് മത്സരത്തിലെ വിജയികള്‍ക്ക് 5 ലക്ഷം രൂപയും രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും ഒരു ലക്ഷവും സമ്മാനമായി ലഭിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ 5 വരെയാവും മത്സരങ്ങള്‍ നടക്കുക.

ലീഗില്‍ പങ്കെടുക്കുവാന്‍ നെഹ്റു ട്രോഫി വള്ളം കളിയിലെ ആദ്യ 9 സ്ഥാനക്കാര്‍ക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഒരു സ്പോര്‍ട്സ് മാനേജ്മെന്റ് ഏജന്‍സിയാവും അഞ്ച് വര്‍ഷത്തേക്ക് ഈ ലീഗ് നടത്തുക. അവര്‍ക്ക് തന്നെയാവും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ ഈ ലീഗിന്റെ ബ്രാന്‍ഡിംഗ് ചുമതലകളും.

മത്സര ക്രമങ്ങള്‍
നെഹ്റു ട്രോഫി വള്ളം കളി – ഓഗസ്റ്റ് 11
പുളിങ്കുന്ന്, ആലപ്പുഴ – ഓഗസ്റ്റ് 18
കരുവാറ്റ, ആലപ്പുഴ – ഓഗസ്റ്റ് 28
കോട്ടപ്പുറം, തൃശ്ശൂര്‍ – സെപ്റ്റംബര്‍ 1
താഴത്തങ്ങാടി, കോട്ടയം – സെപ്റ്റംബര്‍ 9
പൂത്തോട്ട, എറണാകുളം – സെപ്റ്റംബര്‍ 15
പിറവം, എറണാകളും – സെപ്റ്റംബര്‍ 22
കൈനക്കരി, ആലപ്പുഴ – സെപ്റ്റംബര്‍ 29
കാവനാറ്റിങ്കര, കോട്ടയം – ഒക്ടോബര്‍ 6
മദര്‍ തെരേസ റേസ്, മാവേലിക്കര – ഒക്ടോബര്‍ 13
കായംകുളം, ആലപ്പുഴ – ഒക്ടോബര്‍ 20
കല്ലട, കൊല്ലം – ഒക്ടോബര്‍ 27
പ്രസിഡന്റ്സ് ട്രോഫി കൊല്ലം – നവംബര്‍ 1

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial