ഏകപക്ഷീയമായ വിജയവുമായി ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ആഫ്രിക്കൻ ചാമ്പ്യൻസ് ആയ സെനഗലിനെ നേരിട്ട ഇംഗ്ലീഷ് നിര മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇംഗ്ലീഷ് സിംഹങ്ങൾക്ക് ഒരു വെല്ലുവിളി ഉയർത്താൻ പോലും സെനഗലിന് ഇന്ന് ആയില്ല.
ഇന്ന് അൽ ബൈത് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് അവരുട്ർ ടോപ് സ്കോറർ ആയ റാഷ്ഫോർഡിനെ ബെഞ്ചിൽ ഇരുത്തിയാണ് കളി ആരംഭിച്ചത്. തുടക്കം മുതൽ ഇംഗ്ലണ്ട് പന്ത് കൈവശം വെച്ചു എങ്കിലും അവർ അധികം അവസരം സൃഷ്ടിച്ചില്ല. മറുവശത്ത് സെനഗൽ രണ്ട് വലിയ അവസരങ്ങൾ തന്നെ സൃഷ്ടിച്ചു. 31ആം മിനുട്ട ദിയയുടെ ഒരു ഷോട്ട് പിക്ക്ഫോർഡ് ഏറെ പ്രയാസപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
ആദ്യ പകുതി അവസാനിക്കാൻ പോകവെ ആണ് ഇംഗ്ലണ്ട് ആദ്യ ഗോൾ കണ്ടെത്തിയത്. 38ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസ് സ്വീകരിച്ച് മധ്യനിര താരം ഹെൻഡേഴ്സ്ൺ ഗോൾ കണ്ടെത്തി. അദ്ദേഹത്തിന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ ആയി ഇത്. ഈ ഗോളിന് ശേഷം ആണ് കുറച്ചു കൂടെ മെച്ചപ്പെട്ട ഫുട്ബോൾ ഇംഗ്ലണ്ടിൽ നിന്ന് കാണാൻ ആയത്.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് അവരുടെ ക്യാപ്റ്റൻ ഹാരി കെയ്നും ഗോൾ നേടി. ബെല്ലിങ്ഹാമാണ് ഈ അറ്റാക്കും തുടങ്ങിയത്. ജൂഡിന്റെ പാസ് സ്വീകരിച്ച ഫോഡൻ കെയ്നിനെ കണ്ടെത്തി. കെയ്ൻ മെൻഡിയെ കീഴ്പ്പെടുത്തി കൊണ്ട് തന്റെ ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടി. സ്കോർ 2-0.
രണ്ടാം പകുതിയിൽ സെനഗൽ ചില മാറ്റങ്ങൾ നടത്തി എങ്കിലും കളി ഇംഗ്ലണ്ടിന്റെ കാലിൽ നിന്നു. 57ആം മിനുട്ടിൽ ഇംഗ്ലണ്ട് അവരുടെ മൂന്നാം ഗോൾ കണ്ടെത്തി. ഇടതു വിങ്ങിൽ നിന്ന് ഫിൽ ഫോഡൻ നൽകിയ പാസ് ഒരു എളുപ്പമുള്ള ഫിനിഷിലൂടെ സാക ഗോൾ നേടുക ആയിരുന്നു. സാകയുടെ ഖത്തറിലെ മൂന്നാം ഗോൾ. സ്കോർ 3-0
ഇതിനു ശേഷം ഇംഗ്ലണ്ട് ചില മാറ്റങ്ങൾ വരുത്തി. അവർ അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല എങ്കിലും പന്ത് കൈവശം വെച്ച് സമ്മർദ്ദങ്ങൾ കുറക്കാനും വിജയം ഉറപ്പിക്കാനും അവർക്ക് ആയി.
ഇനി ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെ ആകും ഇംഗ്ലണ്ട് നേരിടുക. ഡിസംബർ 10നാകും മത്സരം.