ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉടൻ പുനരാരംഭിക്കും എന്ന് ഉറപ്പായി. ഇംഗ്ലണ്ടിൽ ഫുട്ബോൾ ഉൾപ്പെടെ എല്ലാ പൊതുപരിപാടികളും ജൂൺ ഒന്നു മുതൽ നടത്താം എന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് പറഞ്ഞിരിക്കുകയാണ്. കാണികൾക്ക് പ്രവേശനം ഉണ്ടാവരുത് എന്നതു മാത്രമാണ് ഗവൺമെന്റ് വെക്കുന്ന നിബന്ധന. ജൂൺ 12ആം തീയതി പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ശ്രമിക്കുന്ന ഇംഗ്ലീഷ് എഫ് എയ്ക്ക് ഇത് സന്തോഷ വാർത്തയാണ്.
മാർച്ച് ആദ്യ വാരത്തിൽ നിർത്തി വെച്ച പ്രീമിയർ ലീഗിൽ ഇനിയും 9 റൗണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. പ്രീമിയർ ലീഗ് ക്ലബുകൾ മെയ് 18 മുതൽ പരിശീലനം പുനരാരംഭിക്കും. നിഷ്പക്ഷ വേദികളിൽ ആകും മത്സരം എന്നാണ് സൂചന. ആഴ്ചയിൽ രണ്ട് മത്സരങ്ങൾ എന്ന രീതിയിൽ നടത്തി ജൂലൈ അവസാനത്തോടെ ലീഗ് പൂർത്തിയാക്കാൻ ആകും പ്രീമിയർ ലീഗിന്റെ ശ്രമം. വെറും രണ്ട് വിജയങ്ങൾ മാത്രം നേടിയാൽ പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാൻ കഴിയുന്ന ലിവർപൂൾ ആരാധകർക്കാകും ഈ വാർത്ത ഏറെ സന്തോഷം നൽകുക.