ഓവൽ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ അത്യുജ്ജല പ്രകടനം. അവസാന ദിവസം 368ന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് പരാജയത്തിലേക്ക് വീഴുകയാണ്. കളിയിൽ ഇംഗ്ലണ്ട് ഇപ്പോൾ 8 വിക്കറ്റിന് 193 റൺസ് എന്ന നിലയിൽ ആണ്. ഇനിയും നാൽപ്പത് ഓവറോളം മത്സരം ബാക്കിയുണ്ട്. ഈ സമയം കൊണ്ട് രണ്ട് വിക്കറ്റുകൾ കൂടെ വീഴ്ത്തിയാൽ ഇന്ത്യക്ക് വിജയം ഉറപ്പിക്കാം. വിജയിച്ചാൽ പരമ്പരയിൽ ഇന്ത്യൻ 2-1ന് മുന്നിൽ എത്തുകയും ചെയ്യും. മത്സരം ഇപ്പോൾ ചായക്ക് പിരിഞ്ഞിരിക്കുകയാണ്.
രണ്ടാം സെഷനിൽ ആണ് ഇംഗ്ലീഷ് ബാറ്റിംഗ് തകർന്നത്. 2 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഇംഗ്ലണ്ട് പെട്ടെന്ന് തന്നെ തകർന്നു. 63 റൺസ് എടുത്ത ഹസീബ് ഹമീദിനെ ജഡേജ വിക്കറ്റിനു മുന്നിൽ കുരിക്കിയതോടെ ആണ് കളി മാറിയത്. പിന്നാലെ 2 റൺസ് എടുത്ത ഒലിപോപിന്റെയും റൺസ് ഒന്നും എടുക്കാത്ത ബെയർസ്റ്റോയുടെയും കുറ്റി തെറിപ്പിക്കാൻ ബുമ്രയുടെ സ്ലോ യോർക്കറുകൾക്കായി.
ജഡേജ് മൊയീൻ അലിയയെയും ഡക്കിന് പുറത്താക്കി. ഈ സമയത്ത് ഒക്കെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി ക്യാപ്റ്റൻ റൂട്ട് മറുവശത്ത് ഉണ്ടായിരുന്നു. സ്കോർ 182ൽ നിൽക്കെ താക്കൂർ റൂട്ടിനെ പുറത്താക്കി. 36 റൺസ് ആയിരുന്നു റൂട്ട് എടുത്തത്. റൂട്ട് വീണതോടെയാണ് ഇന്ത്യക്ക് വിജയ പ്രതീക്ഷ വന്നത്. ഈ സെഷനിലെ അവസാന ബൗളിൽ വോക്സിനെ ഉമേഷ് പുറത്താക്കി. ജഡേജ, ബുമ്ര, താക്കൂർ എന്നിവർ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.