വനിതാ യൂറോ കപ്പിൽ ഇംഗ്ലണ്ടിന് കിരീടം. ഇന്ന് വെംബ്ലിയിൽ നടന്ന ഫൈനലിൽ ശക്തരായ ജർമ്മനിയെ നേരിട്ട ഇംഗ്ലണ്ട് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് വിജയിച്ചത്. 2-1 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ഇന്ന് വെംബ്ലിയിൽ കളി തുടങ്ങും മുമ്പ് ക്യാപ്റ്റൻ പോപിന് പരിക്കേറ്റത് ജർമ്മനിക്ക് തിരിച്ചടിയായി. മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്നതാണ് കാണാൻ കഴിഞ്ഞത്. എന്നാൽ സ്വന്തം ആരാധകരുടെ വലിയ പിന്തുണ ഇംഗ്ലണ്ടിന് അനുകൂലമായി മാറി.
ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നില്ല. 62ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എല്ലാ ടൂൺ ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. വാൽസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ടൂൺ ഗോൾ ലൈൻ വിട്ടു വന്ന ജർമ്മൻ ഗോൾ കീപ്പറിനു മുകളിലൂടെ ചിപ് ചെയ്ത് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.
ഈ ഗോളിന് ശേഷം ഡിഫൻസിലേക്ക് ഊന്നിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 80ആം മിനുട്ടിൽ ലിന മഗൂളിലൂടെ ജർമ്മനി തിരിച്ചടിച്ചു. സ്കോർ 1-1. കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ 110ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കെല്ലി ഇംഗ്ലണ്ടിനെ വീണ്ടും മുന്നിൽ എത്തിച്ചു. സ്കോർ 2-1. ഇത്തവണ ഇംഗ്ലണ്ട് പ്രതിരോധത്തിന് പിഴച്ചില്ല. അവസാന വിസിൽ വരെ പൊരുതി കൊണ്ട് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു.
ഇംഗ്ലണ്ട് വനിതാ ടീമിന്റെ ആദ്യ യൂറോ കപ്പ് മാത്രമല്ല ആദ്യ മേജർ കിരീടവും കൂടിയാണിത്.