ഖത്തർ ലോകകപ്പ്; ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് ഇറാനെതിരെ 3-0ന്റെ ലീഡിൽ നിൽക്കുന്നു. 19കാരൻ ജൂഡ് ബെല്ലിങ്ഹാമും സാകയും സ്റ്റെർലിംഗും നേടിയ ഗോളുകൾ ആണ് ഇംഗ്ലണ്ടിന് വലിയ ലീഡ് നൽകിയത്.
ഇന്ന് അൽ റയ്യാനിൽ ഇംഗ്ലണ്ട് പ്രതീക്ഷിച്ചത് പോലെ ഒരു ഡിഫൻസീവ് ടാക്ടിക്സുമായി വന്ന ഇറാനെയാണ് കാണാൻ ആയത്. തുടക്കം മുതൽ ഇറാന്റെ നീക്കങ്ങൾ എങ്ങനെ തടയാം എന്നതിൽ ആയിരുന്നു മുൻ ഏഷ്യൻ ചാമ്പ്യന്മാരുടെ ശ്രദ്ധ. നാലാം മിനുട്ടിൽ ഒരു കോർണറിൽ ഹാരി മഗ്വയറിനെ ചെഷ്മി പിടിച്ചു വലിച്ചു താഴെ ഇട്ടെങ്കിലും പെനാൾട്ടി വിധിക്കാൻ റഫറിയോ വാറോ തയ്യാറായില്ല.
മത്സരം 10 മിനുട്ട് എത്തും മുമ്പ് ഇറാന് അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ബെയ്റന്വന്ദിനെ നഷ്ടമായി. ഒരു കൂട്ടിയിടിയിൽ മൂക്കിന് പരിക്കേറ്റ താരം കളി തുടരാൻ ശ്രമിച്ചു എങ്കിലും അവസാനം സബ്ബായി പോകേണ്ടി വന്നു. പകരം ഹൊസേനി വലയ്ക്ക് മുന്നിൽ എത്തി.
മത്സരത്തിന്റെ 29ആം മിനുട്ടിൽ ആണ് ഇംഗ്ലണ്ടിന്റെ ആദ്യ നല്ല അവസരം വന്നത്. പെനാൾട്ടി ബോക്സിന്റെ വലതു ഭാഗത്ത് നിന്ന് സാക നൽകിയ ക്രോസ് നിയർ പോസ്റ്റിലേക്ക് റൺ ചെയ്ത മേസൺ മൗണ്ടിനെ കണ്ടെത്തി. പക്ഷെ മൗണ്ടിന്റെ ഷോട്ട് സൈഡ് നെറ്റിംഗ് ആയി മാത്രമെ മാറിയുള്ളൂ.
മൂന്ന് മിനുട്ടുകൾക്ക് ശേഷം ഒരു സെറ്റ് പീസിലെ മഗ്വയറിന്റെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി മ്യതും സ്കോർ ഗോൾ രഹിതമായി തുടരാൻ കാരണം ആയി. പക്ഷെ അധിക നേരം ഇംഗ്ലണ്ടിനെ പിടിച്ചു നിർത്താൻ ഇറാനായില്ല.
36ആം മിനുട്ടിൽ ഇടതുവിങ്ങിൽ നിന്ന് ലൂക് ഷോ നൽകിയ ക്രോസ് ഹെഡ് ചെയ്ത് ജൂഡ് ബെല്ലിങ്ഹാം ഗോൾ ആക്കു മാറ്റി. ടീനേജ് താരത്തിന്റെ ഇംഗ്ലീഷ് കരിയറിലെ ആദ്യ ഗോൾ. സ്കോർ 1-0.
മത്സരം ആദ്യ പകുതിയുടെ അവസാനത്തിലേക്ക് അടക്കുന്നതിന് ഇടയിൽ സാകയിലൂടെ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. ഈ ഗോൾ കോർണറിൽ നിന്നായിരുന്നു. കോർണറിലെ മഗ്വയറിന്റെ ഹെഡർ സാകയെ കണ്ടെത്തുക ആയിരുന്നു. സാക വലയും കണ്ടെത്തി. ഇംഗ്ലണ്ട് അവിടെയും നിർത്തിയില്ല. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഹാരു കെയ്ൻ നൽകിയ പാസ് വലയിൽ എത്തിച്ച് സ്റ്റെർലിംഗും പാർട്ടിയിൽ ചേർന്നു. ആദ്യ പകുതിയിൽ തന്നെ 3-0ന് മുന്നിൽ.