ഓസ്ട്രേലിയയ്ക്കെതിരെ പെര്‍ത്തിൽ എട്ട് റൺസ് വിജയവുമായി ഇംഗ്ലണ്ട്. ഇന്ന് മാത്യു വെയിഡിന്റെ വിവാദമായ തടസ്സം സൃഷ്ടിക്കൽ സംഭവം കണ്ട ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 208 റൺസാണ് നേടിയത്. ഓസ്ട്രേലിയയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 200 റൺസേ നേടാനായുള്ളു. തന്റെ ബൗളിംഗിൽ റിട്ടേൺ ക്യാച്ചിന് ശ്രമിച്ച മാര്‍ക്ക് വുഡിനെ തന്റെ കൈകള്‍ ഉപയോഗിച്ച് മാത്യു വെയിഡ് വിലക്കുകയായിരുന്നു.
51 പന്തിൽ 84 റൺസ് നേടിയ അലക്സ് ഹെയിൽസും 32 പന്തിൽ 68 റൺസ് നേടിയ ജോസ് ബട്‍ലറും ആണ് ഇംഗ്ലണ്ടിനായി മിന്നും തുടക്കം നൽകിയത്. ഒന്നാം വിക്കറ്റിൽ 132 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
പിന്നീട് വിക്കറ്റുകളുമായി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരികെ എത്തി ഇംഗ്ലണ്ടിനെ 208/6 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി നഥാന്‍ എല്ലിസ് 3 വിക്കറ്റ് നേടി.
44 പന്തിൽ 73 റൺസ് നേടിയ ഡേവിഡ് വാര്‍ണറും 15 പന്തിൽ 35 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 36 റൺസ് നേടി പുറത്തായ മിച്ചൽ മാര്‍ഷിനെയും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു താരങ്ങള്‍ക്കാര്‍ക്കും റണ്ണടിക്കുവാന്‍ സാധിച്ചിരുന്നില്ല. മാത്യു വെയിഡ് 15 പന്തിൽ 21 റൺസ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്ക് അവസാന ഏതാനും പന്തുകളിൽ 3 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 200 റൺസ് മാത്രമേ നേടാനായുള്ളു.
ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നും സാം കറന്‍ 2 വിക്കറ്റും നേടി. അവസാന ഓവറിൽ 16 റൺസ് വേണ്ട ഘട്ടത്തിൽ മാത്യു വെയിഡ് ബൗണ്ടറി നേടി തുടങ്ങിയെങ്കിലും മൂന്നാം പന്തിൽ താരത്തിന്റെ വിക്കറ്റ് സാം കറന്‍ നേടിയതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷ അവസാനിച്ചു.