വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ പാത പിന്തുടർന്ന് അടുത്ത കാലത്ത് മാഡ്രിഡിലേക്ക് എത്തിയ ബ്രസീലിയൻ പ്രതിഭകളുടെ പട്ടികയിലേക്ക് ഒരാൾ കൂടി, എൻഡ്രിക്. യൂറോപ്പിലെ ഭീമന്മാർ എല്ലാം കണ്ണു വെച്ചിരുന്ന പാൽമിറാസ് താരമായ പതിനാറുകാരൻ എൻഡ്രിക് റയലിലേക്ക് തന്നെ എന്നുറപ്പിച്ചു. ദിവസങ്ങളായി നടന്ന് വരുന്ന ചർച്ചക്ക് പരിസമാപ്തി ആയെന്നും ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയിൽ എത്തിയെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ ബ്രസീലിയൻ ഫുട്ബാളിലെ അടുത്ത സൂപ്പർ താരമായി വിലയിരുത്തുന്ന മുന്നേറ്റ താരം സാന്റിയാഗോ ബെർണബ്യുവിൽ എത്തും.
അറുപത് മില്യൺ യൂറോ ആണ് എൻഡ്രിക്കിന്റെ കൈമാറ്റ തുക. ഇതിന് പുറമെ ട്രാൻസ്ഫർ സംബന്ധമായി പാൽമിറാസ് അടക്കേണ്ട നികുതിയും റയൽ തന്നെ നൽകും. പന്ത്രണ്ട് മില്യൺ യൂറോയോളം വരും ഈ തുക. ഇനി ഔദ്യോഗികമായി കരാറിൽ ഒപ്പിടുന്ന ചടങ്ങ് മാത്രമാണ് ബാക്കിയുള്ളത്. അത് ഈ മാസം തന്നെ പൂർത്തിയായേക്കും. താരത്തിന് പതിനെട്ട് വയസ് ആവാതെ രാജ്യം വിടാൻ ആവില്ല എന്നതിനാൽ 2024 മാത്രമാകും എൻഡ്രികിന് റയൽ ജേഴ്‌സി അണിയാൻ ആവുക. പിഎസ്ജി അടക്കം താരത്തിന് പിറകെ ഉണ്ടായിരുന്നെങ്കിലും റയലിന് വലിയ ഭീഷണി ഇല്ലാതെ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുകയാണ്.