തന്റെ 16 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും 5 മത്തെ വിംബിൾഡൺ കിരീടവും നേരിടുന്ന നൊവാക് ദ്യോക്കോവിച്ച് തന്റെ നയം വ്യക്തമാക്കുകയാണ്. കഴിഞ്ഞ 12 ഗ്രാന്റ് സ്‌ലാം സെമി ഫൈനലുകളിൽ ഒരിക്കൽ മാത്രം പരാജയം അറിഞ്ഞ നോവാക്കിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റക്ക് ആവാതിരുന്നപ്പോൾ മത്സരം 4 സെറ്റുകളിൽ ദ്യോക്കോവിച്ചിനു സ്വന്തം. സ്പാനിഷ് താരത്തിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു കളി തുടങ്ങിയ നൊവാക് തന്റെ ഉദ്ദേശം തുടക്കത്തിലെ അറിയിച്ചു. വെറും 36 മിനിറ്റ് നീണ്ടു നിന്ന ആദ്യ സെറ്റ് സെർബിയൻ താരത്തിന് സ്വന്തം. ഏകപക്ഷീയമെന്നു തോന്നുന്ന വിധം മത്സരത്തിന്റെ തുടക്കം. എന്നാൽ രണ്ടാം സെറ്റിൽ വിംബിൾഡൺ സെമിഫൈനൽ പ്രവേശനം താൻ അർഹിക്കുന്നു എന്ന നിലയിലുള്ള പ്രകടനം നടത്തിയ സ്പാനിഷ് താരം ലോക ഒന്നാം നമ്പറിനു എതിരെ മികച്ച പോരാട്ടം നടത്തി.
രണ്ടാം സെറ്റിൽ നൊവാക്കിന്റെ രണ്ടാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സ്പാനിഷ് താരം 6-4 നു രണ്ടാം സെറ്റ് സ്വന്തമാക്കി നൊവാക്കിനു വെല്ലുവിളി ഉയർത്തി. മുമ്പ് 10 പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ 7 തവണയും ജയിച്ചത് നൊവാക് ആണെങ്കിലും അവസാന രണ്ട് തവണയും ജയം സ്പാനിഷ് താരത്തിനു ഒപ്പമായിരുന്നു. എന്നാൽ 47 മിനിറ്റു നീണ്ട രണ്ടാം സെറ്റിന് മറുപടി നൊവാക് നൽകാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളു. മൂന്നാം സെറ്റിൽ സ്പാനിഷ് താരത്തിന്റെ മൂന്നാം സർവീസ് ഭേദിച്ച നൊവാക് മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. 43 മിനിറ്റു നീണ്ട മൂന്നാം സെറ്റ് 6-3 നു സ്വന്തമാക്കിയ നിലവിലെ ചാമ്പ്യൻ വീണ്ടുമൊരു വിംബിൾഡൺ ഫൈനലിലേക്കുള്ള അകലം വെറും ഒരു സെറ്റ് ആയി കുറച്ചു.
നാലാം സെറ്റിൽ സ്പാനിഷ് താരത്തിന്റെ പോരാട്ടത്തിന് വലിയ ബലം ഉണ്ടായിരുന്നില്ല. ബാറ്റിസ്റ്റയുടെ രണ്ടും മൂന്നും സർവീസ് തുടർച്ചയായി ഭേതിക്കപ്പെട്ടപ്പോൾ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടു. 6-2 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കി യന്ത്രമനുഷ്യൻ എന്നു വിളിപ്പേരുള്ള നൊവാക് ദ്യോക്കോവിച്ച് തുടർച്ചയായ മറ്റൊരു വിംബിൾഡൺ ഫൈനലിലേക്ക്. ഈ ഫോമിൽ നൊവാക്കിനെ തോൽപ്പിക്കാൻ ആർക്കെങ്കിലും ആകുമോ എന്നത് തന്നെയാവും ഞായറാഴ്ച ടെന്നീസ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം. ഫൈനലിൽ ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ രണ്ടു താരങ്ങളിൽ ഒരാൾ ആവും സെർബിയൻ താരത്തിന്റെ എതിരാളി എന്നതിനാൽ തന്നെ തന്റെ മഹത്വം നിർണയിക്കാനുള്ള മത്സരം കൂടിയാവും നൊവാക് ദ്യോക്കോവിച്ചിനു ഈ ഫൈനൽ.