ക്വാട്ടർ ഫൈനലിൽ ഈ വിംബിൾഡനിൽ ലഭിച്ച ആദ്യ സീഡ് ചെയ്ത എതിരാളിക്കും ലോക ഒന്നാം നമ്പറിന് ഒരു എതിരാളിയാവാതിരുന്നപ്പോൾ അനായാസം സെമിയിൽ കടന്നു നൊവാക് ദ്യോക്കോവിച്ച്. 21 സീഡായ ബെൽജിയത്തിന്റെ ഡീഗോ ഗോഫിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ദ്യോക്കോവിച്ച് ജയം കണ്ടത്. ആദ്യ സെറ്റിൽ ദ്യോക്കോവിച്ചിന്റെ നാലാം സർവീസ് ബ്രൈക്ക് ചെയ്ത ഗോഫിൻ ദ്യോക്കോവിച്ചിനു ഒരു ചെറിയ ഞെട്ടൽ നൽകി. എന്നാൽ ആ സെറ്റിലെ ഗോഫിന്റെ അടുത്ത രണ്ടു സർവീസുകളും ഭേദിച്ച നൊവാക് തന്റെ മികവിലേക്ക് ഉയർന്നപ്പോൾ സെറ്റ് 48 മിനിറ്റിനു ശേഷം 6-4 നു ദ്യോക്കോവിച്ചിനു സ്വന്തം.
രണ്ടാം സെറ്റിൽ ഗോഫിന് ഒരവസരവും നൽകാതിരുന്ന നൊവാക് മത്സരത്തിൽ തുടർച്ചയായി ഗോഫിന്റെ 5 സർവീസുകളും ബ്രൈക്ക് ചെയ്തപ്പോൾ ആദ്യ സെറ്റിൽ കണ്ട പോരാട്ടവീര്യത്തിന്റെ ലാഞ്ചന പോലും ഗോഫിനിൽ രണ്ടാം സെറ്റിൽ കണ്ടില്ല. ഒരു ഗെയിം പോലും നഷ്ടമാകാതെ രണ്ടാം സെറ്റ് ദ്യോക്കോവിച്ചിനു സ്വന്തം. മൂന്നാം സെറ്റിലും തുടക്കത്തിലെ ഗോഫിന്റെ സർവീസ് ബ്രൈക്ക് ചെയ്തു തുടങ്ങിയ നൊവാക് സെറ്റും മത്സരവും അവസാനിപ്പിച്ചതും മറ്റൊരു സർവീസ് ബ്രൈക്ക് ചെയ്തു കൊണ്ടായിരുന്നു. 6-2 നു മൂന്നാം സെറ്റും നേടി വീണ്ടുമൊരു വിംബിൾഡൺ സെമിഫൈനലിലേക്കു നൊവാക് ദ്യോക്കോവിച്ച്. 2014-15 ശേഷം തുടർച്ചയായ വിംബിൾഡൺ കിരീടങ്ങൾ ലക്ഷ്യമിടുന്ന നിലവിലെ ചാമ്പ്യനു വെല്ലുവിളി ആവാൻ ആർക്കെങ്കിലും ആവുമോ എന്നു കണ്ടു തന്നെ അറിയണം.