ഫുട്‌ബോളിൽ ദൈവം ഉണ്ടെങ്കിൽ അത് മറഡോണ ആണെന്ന് പറയുന്നവർ ഇന്ന് പുതിയ ദൈവത്തിന്റെ ഉയിർപ്പിനും സാക്ഷിയായി. ലോകകപ്പ് നേടിയ ലയണൽ മെസ്സി ഗോട്ടിൽ നിന്നു ഗോഡിലേക്ക് ഉയർന്നു കഴിഞ്ഞു. ആ സമയത്ത് തന്നെ ദൈവത്തിന്റെ കാവൽ മാലാഖയെ ഓർക്കാതെ എങ്ങനെയാണ് ആ കഥ പൂർത്തിയാവുക. തന്റെ നിയോഗം ഇതാണ് എന്നു പറയാതെ പറഞ്ഞു ഫൈനലുകളിൽ അർജന്റീനയുടെ രക്ഷകൻ ആവുന്ന അവരുടെ കാവൽ മാലാഖ അതാണ് ആംഗൽ ഡി മരിയ! മെസ്സിയും ഡി മരിയയും അർജന്റീനക്ക് ആയി പന്ത് തട്ടി തുടങ്ങുന്നത് ഒരേസമയത്ത് ആണ്, അന്ന് മുതൽ ഇന്ന് തന്റെ അവസാന മത്സരത്തിൽ കളിക്കുന്നത് വരെ എന്നും അർജന്റീനക്ക് ആയി വിശ്വസ്തൻ ആയി ഡി മരിയ തുടരുകയാണ്.
ലയണൽ മെസ്സിക്ക് ഒപ്പം അണ്ടർ 20 ലോകകപ്പ് കിരീടം നേടിയ ടീമിൽ ഭാഗം ആയ ഡി മരിയ അന്ന് ടീമിന് ആയി ടൂർണമെന്റിൽ മൂന്നു ഗോളുകൾ ആണ് നേടിയത്. തുടർന്ന് മെസ്സിയും ഡി മരിയയും ഒരുമിച്ച് 2008 ഒളിമ്പിക്‌സിൽ അർജന്റീനക്ക് സ്വർണ മെഡലും നേടി നൽകി. അന്ന് ഫൈനലിൽ നൈജീരിയക്ക് എതിരെ തന്റെ പിന്നീട് ഏറെ പ്രസിദ്ധമായ പന്ത് ചിപ് ചെയ്തു നേടിയ ഗോളിലൂടെ വിജയം സമ്മാനിക്കുന്നതും ഡി മരിയ ആണ്. 2008 ൽ അർജന്റീനക്ക് ആയി സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഡി മരിയ തുടർന്ന് അർജന്റീന ടീമിന്റെ പ്രധാനതാരമായി വളരുന്നുണ്ട്. മെസ്സിക്ക് ഒപ്പം 2014 ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഡി മരിയക്ക് പക്ഷെ ലോകകപ്പ് സെമിഫൈനൽ,ഫൈനൽ എന്നിവ കളിക്കാൻ സാധിച്ചില്ല. ക്വാർട്ടർ ഫൈനലിൽ ഏറ്റ പരിക്ക് ആണ് താരത്തിന് അന്ന് വിനയായത്.
ലോകകപ്പ് ഫൈനലിന് തൊട്ടു മുമ്പ് തന്റെ ക്ലബ് ആയ റയൽ മാഡ്രിഡ് തന്നെ ഫൈനൽ കളിക്കാൻ വിലക്കി നൽകിയ കത്തിനെ കുറിച്ച് പിന്നീട് ഡി മരിയ പറയുന്നുണ്ട്. അന്ന് ആ കത്ത് കീറി എറിഞ്ഞെങ്കിലും ഡി മരിയക്ക് പക്ഷെ ഫൈനൽ കളിക്കാൻ ഭാഗ്യം ഉണ്ടായില്ല. ഫൈനലിൽ അർജന്റീന ജർമ്മനിയോട് തോൽക്കുകയും ചെയ്തു. 2015 കോപ്പ അമേരിക്ക പെനാൽട്ടി ഷൂട്ട് ഔട്ട് പരാജയത്തിൽ ഭാഗം ആയ ഡി മരിയ 2016 ൽ കോപ്പ അമേരിക്കയുടെ നൂറാം വാർഷിക ടൂർണമെന്റിലും ഭാഗം ആയി. ഇത്തവണ വീണ്ടും പരിക്കേറ്റ് വീഴുന്ന ഡി മരിയക്ക് ഫൈനൽ അടക്കം നഷ്ടമാവുന്നു. ഇങ്ങനെ മെസ്സിക്ക് ഒപ്പം അർജന്റീനയുടെ ഹൃദയവേദന ഡി മരിയയും പേറി. 2018 ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് 4-3 നു അർജന്റീന പരാജയപ്പെട്ട മത്സരത്തിൽ ഡി മരിയ നേടിയ ഉഗ്രൻ ലോങ് റേഞ്ചർ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോൾ ആയിരുന്നു. തുടർന്ന് 2019 കോപ്പ അമേരിക്കയിൽ അർജന്റീന ഒരിക്കൽ കൂടി കണ്ണീർ വാർത്തപ്പോൾ ആ ടീമിലും ഡി മരിയ പങ്കാളിയായി.
എന്നാൽ ലയണൽ സ്കലോണി എന്ന പരിശീലകൻ നയിച്ച പാബ്ലോ അയ്‌മറും റോബർട്ടോ അയാളയും വാൾട്ടർ സാമുവലും അടങ്ങിയ അർജന്റീന പരിശീലക ടീമിന് കീഴിൽ മാറിയ അർജന്റീനയെ ലോകം അന്ന് കാണാൻ തുടങ്ങുക ആയിരുന്നു. മെസ്സിക്കും അഗ്യൂറോക്കും ഒട്ടമെന്റിക്കും ഒപ്പം ടീമിലെ ഏറ്റവും തല മുതിർന്ന അംഗങ്ങളിൽ ഒരാൾ ആയ ഡി മരിയ യുവ ടീമിനെ പ്രചോദിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
2021 കോപ്പ അമേരിക്കയിൽ നീണ്ട 29 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അർജന്റീന ഒരു അന്താരാഷ്ട്ര കിരീടം ഉയർത്തിയപ്പോൾ അതിൽ ഫൈനലിൽ ഗോൾ നേടിയതും മറ്റാരും ആയിരുന്നില്ല. ബ്രസീലിനു എതിരെ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്നു എഡേഴ്സനു മുകളിലൂടെ തന്റെ സ്വതസിദ്ധമായ ചിപ്പിലൂടെ ഗോൾ നേടിയ അർജന്റീനയുടെ മാലാഖ കിരീടം അർജന്റീനക്ക് സമ്മാനിക്കുക ആയിരുന്നു. 2022 ൽ യൂറോപ്യൻ ചാമ്പ്യന്മാർ ആയ ഇറ്റലിക്ക് എതിരെ ഫൈനലിസിമയിൽ 3-0 നു അർജന്റീന ജയിച്ചപ്പോൾ മറ്റൊരു സുന്ദരഗോളും ഡി മരിയയുടെ ബൂട്ടിൽ നിന്നു പിറന്നു.
ഈ ലോകകപ്പ് കഴിഞ്ഞ ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു വിരമിക്കും എന്നു പ്രഖ്യാപിച്ചു ആണ് 34 കാരനായ ഡി മരിയ ലോകകപ്പിന് ആയി ഖത്തറിൽ എത്തുന്നത്. സൗദിയോട് തോറ്റ് നാണം കെട്ട് തുടങ്ങിയ അർജന്റീനക്ക് മെക്സിക്കോക്ക് എതിരെ ജീവശ്വാസം നൽകിയത് ലയണൽ മെസ്സിയുടെ മാന്ത്രിക ലോങ് റേഞ്ചർ ആണെങ്കിൽ അന്ന് അതിനു വഴി ഒരുക്കിയത് ഡി മരിയ അല്ലാതെ മറ്റാരും ആയിരുന്നില്ല. 90 മിനിറ്റ് പൂർത്തിയാക്കാൻ ആവാത്ത ഡി മരിയയെ ബുദ്ധിപൂർവ്വം ആണ് സ്കലോണി ടൂർണമെന്റിൽ ഉപയോഗിച്ചത്. തുടർന്ന് പരിക്ക് വില്ലൻ ആയപ്പോൾ പ്രീ ക്വാർട്ടർ, സെമിഫൈനൽ മത്സരങ്ങളിൽ ഡി മരിയ ഇറങ്ങിയില്ല. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനു എതിരെ മത്സരം എക്സ്ട്രാ സമയത്ത് പോയപ്പോൾ എക്സ്ട്രാ സമയത്ത് കുറച്ച് സമയം കളിച്ച താരം തന്റെ ക്ലാസ് കാണിക്കുക തന്നെയായിരുന്നു.
ഫൈനലിൽ സ്കലോണി കരുതിവെച്ച വജ്രായുധം ആയിരുന്നു ഡി മരിയ. ആദ്യ 60 മിനിറ്റ് കളത്തിൽ ഇറങ്ങിയ താരം ഫ്രാൻസ് പ്രതിരോധത്തിന്റെ താളം തെറ്റിക്കുന്നത് ആണ് കാണാൻ ആയത്. പന്ത് കിട്ടുമ്പോൾ എല്ലാം മെസ്സി ഡി മരിയയെ തിരയുന്നത് മത്സരത്തിൽ ക്
ഉടനീളം കാണാൻ ആയി. പെനാൽട്ടി നേടി നൽകിയ ഡി മരിയ തന്നെ ഒരിക്കൽ കൂടി ഒരു ഫൈനലിൽ അതും ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് ആയി ഗോൾ നേടുന്നതും പിന്നീട് കണ്ടു. അതിസുന്ദരമായ ടീം നീക്കത്തിന് ഒടുവിൽ മകാലിസ്റ്ററിന്റെ പാസിൽ നിന്നാണ് താരം ഗോൾ നേടിയത്. ഗോൾ നേടിയ ശേഷം കണ്ണീരണഞ്ഞ മരിയ അത്രമേൽ മനോഹര കാഴ്ചയായി. തന്റെ നിയോഗം പൂർത്തിയാക്കി ഡി മരിയ കയറിയ ശേഷം ആണ് ഫ്രാൻസ് ഫൈനലിൽ ശ്വാസം വിട്ടത്. തുടർന്ന് കണ്ട ഇതിഹാസ പോരാട്ടം ബെഞ്ചിൽ ഇരുന്നു കാണുമ്പോഴും വികാരം അടക്കാൻ താരം പാട് പെട്ടു. എംബപ്പെയുടെ സമനില ഗോളുകളും മെസ്സിയുടെ അർജന്റീനയുടെ മൂന്നാം ഗോളും വീണ്ടും എംബപ്പെയുടെ സമനില ഗോളും ബെഞ്ചിൽ ഇരുന്നു കരഞ്ഞു കൊണ്ടാണ് ഡി മരിയ കണ്ടു തീർത്തത്.
തുടർന്ന് പെനാൽട്ടി ഷൂട്ട് ഔട്ടിൽ അർജന്റീന ലോക കിരീടം സ്വന്തമാക്കുന്ന സമയത്തും തന്റെ കണ്ണീർ അടക്കാൻ ഡി മരിയക്ക് ആവുന്നില്ല. അർജന്റീനക്ക് ആയി 128 മത്സരങ്ങളിൽ നിന്നു 28 ഗോളുകൾ നേടി, ഒളിമ്പിക് ഫൈനലിൽ കോപ്പ അമേരിക്ക ഫൈനലിൽ, ഫൈനലിസിമയിൽ, ലോകകപ്പ് ഫൈനലിൽ ഗോളുകൾ നേടി അർജന്റീനയുടെ കാവൽ മാലാഖ കളം വിടുമ്പോൾ മെസ്സിക്ക് ഒപ്പം എല്ലാം നേടി തന്നെയാണ് അയാൾ കരിയർ അവസാനിപ്പിക്കുന്നത്. ചിലപ്പോൾ ഫുട്‌ബോൾ ദൈവത്തിന് ഒരു കൈ സഹായം നൽകുക എന്നത് നിയോഗം ആയി കണ്ട കാവൽ മാലാഖ തന്നെയാവും ഡി മരിയ. അർജന്റീന ലോകകപ്പ് ഉയർത്തുമ്പോൾ മെസ്സിയോളം തന്നെ എല്ലാം സഹിച്ച അർജന്റീനക്ക് ആയി എല്ലാം നൽകിയ ഡി മരിയയുടെ വിജയം കൂടിയാണ് ഇത്. തന്റെ അവസാന മത്സരത്തിൽ ലോകകപ്പ് ഫൈനലിൽ ഗോൾ നേടി ലോകകിരീടം ഉയർത്തി ആംഗൽ ഡി മരിയ കളം വിടുക എന്നത് കാലത്തിന്റെ നീതി ആവണം കാരണം ലയണൽ ആന്ദ്രസ് മെസ്സിക്ക് ഒപ്പം അയാളും അത് അർഹിക്കുന്നുണ്ട്, ഹൃദയ പ്രശ്നങ്ങൾ കാരണം അഗ്യൂറോക്ക് ലഭിക്കാത്ത ആ വിടവാങ്ങൽ മെസ്സിക്കും ഡി മരിയക്കും ലഭിക്കുമ്പോൾ കൂടെ ആഹ്ലാദിക്കുന്ന അഗ്യൂറോയും ലോകകപ്പ് ഫൈനലിന് ശേഷമുള്ള കാഴ്ച തന്നെയായിരുന്നു.