ഡിയസ് വരില്ല, യാത്ര പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ജോർഗെ പെരേര ഡിയസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഡിയസ് ഇനി ക്ലബിലേക്ക് തിരികെ വരില്ല എന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. താരത്തിനോട് യാത്ര പറയുന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഡിയസിന്റെ സേവനങ്ങൾക്ക് നന്ദി പറയുന്നതായും ക്ലബ് അറിയിച്ചു. ഡിയസ് ഗൾഫിൽ നിന്നുള്ള ഓഫർ സ്വീകരിച്ച് അങ്ങോട്ട് പോകും എന്നാണ് വിവരങ്ങൾ.

നേരത്തെ ഡിയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും അവിടെ നിന്ന് ചർച്ചകൾ പിറകോട്ട് പോവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു. പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാണ് ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരാൻ നോക്കിയത്.

ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ ഡിയസിനായിരുന്നു. ഡിയസ് വരാത്തത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകും.