ഹൈദ്രാബാദ് ഏകദിനത്തില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയയുടെ 237 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും രണ്ടാം വിക്കറ്റില്‍ 76 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 44 റണ്‍സ് നേടിയ വിരാട് കോഹ്‍ലി പുറത്തായി ഏറെ വൈകാതെ 37 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും 15 റണ്‍സ് നേടി അമ്പാട്ടി റായിഡുവും പുറത്തായപ്പോള്‍ ഇന്ത്യ 99/4 എന്ന നിലയില്‍ പരുങ്ങലിലാകുകയായിരുന്നു. 80/1 എന്ന നിലയില്‍ നിന്ന് 19 റണ്‍സ് നേടുന്നതിനിടെയാണ് ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായത്.
തുടര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ എംഎസ് ധോണി-കേധാര്‍ ജാഥവ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയേറ്റെടുത്തത്. 141 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് മെല്ലെയാണ് തുടങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ആവശ്യകത തന്നെയായിരുന്നു ആ മെല്ലെയുള്ള തുടക്കം. നിലയുറപ്പിച്ച ശേഷം ഇരു താരങ്ങളും മെല്ലെ മെല്ലെ ബൗണ്ടറികളും സിംഗിളുകളും ഡബിളുകളും ഓടിയെടുത്ത് തുടങ്ങിയതോടെ മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് തിരിഞ്ഞു.
അവസാന ഓവറുകളില്‍ റണ്‍റേറ്റ് ആറിനു അല്പം മുകളില്‍ മാത്രം ആയി നിര്‍ത്തുവാനും ഇരുവര്‍ക്കും സാധിച്ചു എന്നതും ഇന്ത്യന്‍ വിജയത്തിനു പിന്നിലെ പ്രധാന കാരണമായി. 48.2 ഓവറില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തപ്പോള്‍ ധോണി 59 റണ്‍സും കേധാര്‍ ജാഥവ് 81 റണ്‍സും നേടിയാണ് ക്രീസിലുണ്ടായിരുന്നത്.