തന്നെ ഹൈപ്പ് ചെയ്ത് സമ്മർദ്ദത്തിൽ ആക്കരുത് എന്ന് ധീരജ് സിംഗ്

Newsroom

എഫ് സി ഗോവയുടെ ഗോൾ കീപ്പറായ ധീരജ് സിംഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനങ്ങൾ വലിയ പ്രശംസ പിടിച്ചു പറ്റുകയാണ്. എന്നാൽ തന്നെ പുകഴ്ത്തി കൂടുതൽ സമ്മർദ്ദത്തിൽ ആക്കരുത് എന്നാണ് യുവതാരം പറയുന്നത്. താൻ യുവതാരമാണെന്നും ഒരുപാട് മേഖലകളിൽ താൻ മെച്ചപ്പെടാൻ ഉണ്ടെന്നും ധീരജ് പറഞ്ഞു. എ എഫ് സി ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ധീരജ് സിംഗ് ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിരുന്നു.

പരിശീലകന്റെ വിശ്വാസമാണ് തന്റെ പ്രകടനങ്ങൾ മെച്ചപ്പെടാൻ ഉള്ള കാരണം എന്ന് ധീരജ് പറഞ്ഞു. ഗോവയിൽ തനിക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല. എന്നിട്ടും പരിശീലകൻ ഫെറാണ്ടോ തനിക്ക് പിന്തുണ നൽകി. അത് വലിയ ഊർജ്ജം നൽകി എന്നും ധീരജ് പറഞ്ഞു. ധീരജ് അവസാന രണ്ടു മാച്ച് ഡേയിലെ എ എഫ് സി ടീം ഓഫ് ദി വീക്കിൽ സ്ഥാനം പിടിച്ചിരുന്നു. ഇന്ന് ഇറാനിയൻ ചാമ്പ്യന്മാരയ പെർസെ പൊലിസിന് എതിരെ ഗോവ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് ധീരജിന്റെ പ്രകടനത്തെ തന്നെയാകും.