ജർമ്മൻ സൂപ്പർ കപ്പ് ബയേൺ മ്യൂണിക്കിന് സ്വന്തം. ബൊറുസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ മ്യൂണിക്ക് സൂപ്പർ കപ്പ് ഉയർത്തിയത്. ഇരട്ട ഗോളുകൾ അടിക്കുകയും തോമസ് മുള്ളറുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത് കളത്തിൽ നിറഞ്ഞാടിയത് റോബർട്ട് ലെവൻഡോസ്കിയാണ്. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോൾ നേടിയത് ക്യാപ്റ്റൻ മാർക്കോ റുയിസാണ്.
അന്തരിച്ച ഇതിഹാസ താരം ഗെർദ് മുള്ളർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് ജർമ്മൻ ക്ലാസിക്കർ ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ഇരു ടീമുകളും അക്രമിച്ച് തന്നെ കളിയാരംഭിച്ചു. രണ്ട് തവണ കിംഗ്സ്ലി കോമനേയും ഒരു തവണ തോമസ് മുള്ളറേയും തടഞ്ഞ് നിർത്താൻ ബൊറുസിയ ഡോർട്ട്മുണ്ട് പ്രതിരോധത്തിനായി. ഡോർട്ട്മുണ്ട് ക്യാപ്റ്റൻ റിയൂസിന്റെ ശ്രമം ഒരു വേൾഡ് ക്ലാസ് സേവിലൂടെ മാനുവൽ നുയറും തടഞ്ഞു. 16കാരനായ ഡോർട്ട്മുണ്ട് താരം യൂസുഫ മകൂകൊയുടെ ഗോൾ ഓഫ്സൈടായതിനാൽ അനുവദിക്കപ്പെടുമില്ല. ആദ്യ പകുതി അവസാനിക്കും മുൻപേ സെർജ് ഗ്നാബ്രിയുടെ ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ ലെവൻഡോസ്കി ഗോളാക്കി മാറ്റി.
കളിയുടെ രണ്ടാം പകുതിയിലും ബയേൺ മുന്നേറ്റമാണ് കണ്ടത്. ലെവൻഡോസ്കിയുടെ ഗോളടിക്കാനുള്ള ശ്രമം പരാജയമായെങ്കിലും തോമസ് മുള്ളർ ഒരു ഈസി ടാപ്പിന്നിലൂടെ സ്കോർ ഉയർത്തി. ഏറെ വൈകാതെ റിയുസിലൂടെ ഡോർട്ട്മുണ്ട് ഗോൾ തിരീച്ചടിച്ചു. ജൂഡ് ബെല്ലിംഗ്ഹാം നൽകിയ പന്ത് നുയറിനെ കാഴ്ച്ചക്കാരനാക്കി റിയുസ് ബയേണിന്റെ വലയിലേക്ക് അടിച്ച് കയറ്റി. ഡോർട്ട്മുണ്ട് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും മാനുവൽ അകാഞ്ചിയുടെ അശ്രദ്ധ മുതലെടുത്ത സബ്സ്റ്റിറ്റ്യൂട്ട് ടൊളീസോ ലെവൻഡോസ്കിയുടെ രണ്ടാം ഗോളിന് വഴിയൊരുക്കി. എർലിംഗ് ഹാളണ്ടിന്റെ ഒറ്റയാൾ പോരാട്ടത്തിനും പിന്നീട് ബൊറുസിയ ഡോർട്ട്മുണ്ടിനെ രക്ഷിക്കാനായില്ല. 7 ഗോളുകളുമായി ജർമ്മൻ സൂപ്പർ കപ്പിലെ ടോപ്പ് സ്കോറർ ആയി മാറുകയും ചെയ്തു റോബർട്ട് ലെവൻഡോസ്കി. തന്റെ പഴയ ടീം കൂടിയായ ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ 24മത്സരങ്ങളിൽ നിന്നും 24 ഗോളുകൾ അടിച്ച് കൂട്ടിയിരിക്കുകയാണ് ലെവൻഡോസ്കി. ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി ഇത് അഞ്ചാം സൂപ്പർ കപ്പ് കിരീടമാണ് ബയേൺ ഉയർത്തുന്നത്. പ്രീ സീസണിൽ ജയമറിയാതെയിരുന്ന ബയേൺ പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്റെ കരിയറിലെ ആദ്യ കീരീടം കൂടിയാണ് ഇന്നത്തേത്.