അമേരിക്കൻ റൈറ്റ് ബാക്ക് സെർജിന്യോ ഡെസ്റ്റിന് ടീമിൽ തുടർന്നും അവസരം നൽകാൻ ബാഴ്‌സലോണ കോച്ച് സാവി. താരക്കൈമാറ്റ വിപണിയിൽ ഇറക്കിയാൽ മികച്ച വരുമാനം നേടിത്തരാൻ സാധ്യതയുള്ള താരമാണെന്നതിനാൽ ബാഴ്‌സ ഡെസ്റ്റിനോട് ടീം വിടാൻ നിർദേശിക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ നിലവിൽ താരത്തിന്റെ പ്രകടനത്തിൽ സാവി തൃപ്തനാണെന്നാണ് സൂചനകൾ. റൈറ്റ് ബാക്ക് സ്ഥാനത്ത് സീനിയർ താരം ആൽവെസ് ടീമിൽ തുടർന്നേക്കുമെങ്കിലും ഡെസ്റ്റിന് തന്നെ മുൻഗണന കൊടുക്കാനാണ് സാവിയുടെ തീരുമാനം. അത്യാവശ്യ ഘട്ടങ്ങളിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തും ഇറങ്ങി തിളങ്ങിയിട്ടുണ്ട്.
പ്രായം അനുകൂല ഘടകം ആയ ഇരുപത്തിയൊന്ന്കാരന് ഇനിയും ഒരുപാട് മെച്ചപ്പെടാൻ ആവുമെന്നും സാവി കണക്ക് കൂട്ടുന്നു.
2020ലാണ് സെർജിന്യോ ഡെസ്റ്റ് ബാഴ്‌സയിൽ എത്തുന്നത്. അയാക്സിൽ ആദ്യ ഇലവനിലെ സ്ഥിരക്കാരൻ അല്ലാതിരുന്നിട്ടും യുവതാരത്തിന്റെ പ്രതിഭയിൽ ബാഴ്‌സ വിശ്വാസം അർപ്പിക്കുകയായിരുന്നു.
ജനുവരിയിൽ ഡാനി ആൽവെസ് ടീമിലേക്ക് തിരിച്ചു വന്ന ശേഷം ലാലീഗ മത്സരങ്ങളിൽ മിക്കവാറും ബെഞ്ചിൽ ആയിരുന്നു ഡെസ്റ്റിന്റെ സ്ഥാനം. എന്നാൽ അടുത്ത സീസണിൽ ആൽവസിനും കരാർ പുതുക്കി ടീമിനൊപ്പം തുടരുന്ന സെർജി റോബർട്ടോക്കും മുകളിൽ ഡെസ്റ്റിന് തന്നെ സാവി അവസരങ്ങൾ നൽകിയേക്കും. ടീമിലെ പ്രതിഭാധനരായ ഒരുപിടി യുവതാരങ്ങളോടൊപ്പം മൈതാനത്ത് കൂടുതൽ സമയം ചെലവഴിക്കുന്നത് ഡെസ്റ്റിനും ഭാവിയിൽ ടീമിനാകെയും മുതൽക്കൂട്ടാവും.