ജർമ്മൻ ക്ലാസിക്കോയിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിന്റെ ജയം. ജോഷ്വാ കിമ്മിഷാണ് ബയേണീന്റെ വിജയ ഗോൾ നേടിയത്. ഇന്നത്തെ ജയം ബുണ്ടസ് ലീഗയിൽ 7 പോയന്റ് ലീഡ് ബയേണീന് നൽകി. കാണികളില്ലാത്ത സിഗ്നൽ ഇടൂന പാർക്കിൽ തുടക്കം മുതൽ തന്നെ ബയേണിന്റെ ഗോൾ വല ലക്ഷ്യമാക്കിയാണ് ഡോർട്ട്മുണ്ട് കളി തുടങ്ങിയത്.
ജൂലിയൻ ബ്രാൻഡ്- തോർഗൻ ഹസാർഡ്- ഹാളണ്ട് സഖ്യം 400 മത്സരത്തിനിറങ്ങിയ മാനുവൽ നുയറിനെ പരീക്ഷിച്ച് കൊണ്ടിരുന്നു. ഡോർട്ട്മുണ്ട് പ്രതിരോധത്തിലെ പാളിച്ചകളാണ് കിമ്മിഷിന്റെ ഗോളിന് വഴിയൊരുക്കിയത്. ലൈൻസ് ക്ലിയർ ചെയ്യാത്തതിന് ഡോർട്ട്മുണ്ട് വലിയ വില കൊടുക്കേണ്ടി വന്നത്. കിംഗ്സ്ലി കോമൻ കിമ്മിഷിന് പന്ത് നൽകുകയും മനോഹരമായ 20 യാർഡ് ചിപ്പിലൂടെ ബയേണിന്റെ വിജയ ഗോൾ നേടുകയും ചെയ്തു. 28ആം ബുണ്ടസ് ലീഗ ഗോൾ നേടുന്നതിൽ നിന്നും റോബർട്ട് ലെവൻഡോസ്കിയെ തടയാൻ ഡോർട്ട്മുണ്ട് പ്രതിരോധത്തിനും റോമൻ ബുർക്കിക്കും സാധിച്ചു. ഈ സീസണിലെ രണ്ട് ദെർ ക്ലാസിക്കറിലും ഡോർട്ട്മുണ്ടിനെ ഗോളടിക്കുന്നതിൽ നിന്നും തടയാൻ ബയേണിന് സാധിച്ചു. ഹാൻസി ഫ്ലികിന്റെ ആദ്യ മത്സരത്തിൽ 4 ഗോളിന്റെ ഏകപക്ഷീയമായ ജയമാണ് മ്യൂണിക്കിൽ ബയേൺ നേടിയിരുന്നത്.