ഐ പി എൽ സീസൺ ആവേശകരമായ വിജയത്തോടെ ആരംഭിക്കാൻ ഡെൽഹി ക്യാപിറ്റൽസിനായി. ഇന്ന് അവസാനം ആഞ്ഞടിച്ച ഡെൽഹി 4 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റുകൾ എടുത്ത് മലയാളി താരം ബേസിൽ തമ്പി മുംബൈ ഇന്ത്യൻസിനായി തിളങ്ങി എങ്കിലും ഫലം ഉണ്ടായില്ല.
മുംബൈ ഇന്ത്യൻസ് ഉയർത്തിയ 178 റൺസ് എന്ന വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഡെൽഹി 18.2 ഓവർ മാത്രമെ വിജയിക്കാൻ വേണ്ടു വന്നുള്ളൂ.
തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീണത് ഡെൽഹിക്ക് തുടക്കത്തിൽ തിരിച്ചടിയായി. സൈഫേർടിന്റെ മികച്ച സ്ട്രൈക്കുകളുടെ ബലത്തിൽ 3 ഓവറിൽ ഡെൽഹി ക്യാപിറ്റൽസ് 30 റൺസ് കടന്നിരുന്നു. എന്നാൽ മുരുഗൻ അശ്വിൻ വന്ന് തുടർച്ചയായി രണ്ട് വിക്കറ്റുകൾ എടുത്ത് കളിയുടെ ഗതി മാറ്റി. സൈഫെർട് (21), മന്ദീപ് (0) എന്നിവരാണ് അശ്വിന്റെ മുന്നിൽ വീണത്. പിന്നാലെ ഒരു റൺസ് മാത്രം എടുത്ത് ക്യാപ്റ്റൻ പന്തും പുറത്തായി. പിന്നീട് പ്രിത്വി ഷോയും ലലിത് യാഥവും ചേർന്ന് പതിയെ ഡെൽഹിയെ മുന്നോട്ട് നയിച്ചു.
38 റൺസ് എടുത്ത പൃത്വി ഷോയെ ബേസിൽ തമ്പി പുറത്താക്കി. പിന്നാലെ പവൽ (0), ഷർദ്ദുൽ (22) എന്നിവരും ബേസിലിന് മുന്നിൽ വീണു. മുംബൈ ഇന്ത്യൻസ് വിജയത്തിലേക്ക് എന്ന് തോന്നിച്ചു എങ്കിലും ലളിതും അഷ്കറും പതിയെ ഗിയർ മാറ്റി ആക്രമണം തുടങ്ങി.
ലളിത് 38 പന്തിൽ 48 റൺസ് എടുത്തും അക്സർ 17 പന്തിൽ 38 റൺസ് എടുത്തും ഡെൽഹിയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ മുംബൈ ഇന്ത്യൻസ് 177 റൺസ് എടുത്തിരുന്നു. 5 വിക്കറ്റ് നഷ്ടത്തിൽ ആണ് മുംബൈ ഇന്ത്യൻസ് 177 റൺസ് എടുത്തത്. ടോസ് നേടിയ ഡെൽഹി മുംബൈയെ ബാറ്റിങിന് അയക്കുക ആയിരുന്നു. ക്യാപ്റ്റൻ രോഹിത ശർമ്മ 32 പന്തിൽ 41 റൺസ് എടുത്തു നല്ല തുടക്കം മുംബൈക്ക് നൽകി. 2 സിക്സും നാല് ഫോറും അടങ്ങുന്നത് ആയിരുന്നു രോഹിതിന്റെ ഇന്നിങ്സ്. രോഹിതിനെയും പിന്നാലെ വന്ന അന്മോൽ പ്രീതിനെയും (8) കുൽദീപ് പുറത്താക്കി.
22 റൺസ് എടുത്ത തിലക് വർമയെ ഖലീൽ അഹമ്മദും പുറത്താക്കി. 3 റൺസ് മാത്രം എടുത്തു പൊള്ളാർഡും കുൽദീപിന് മുന്നിൽ വീണു. ഒരു വശത്ത് വിക്കറ്റ് വീഴുന്നുണ്ട് എങ്കിലും മറുവശത്ത് ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിന് വേണ്ടി നിലകൊണ്ടു. താരം ഗംഭീര ഇന്നിങ്സ് തന്നെ കാഴ്ചവെച്ചു. 48 പന്തിൽ 81 റൺസ് അടിച്ചു കൂട്ടി. 2 സിക്സും 11 ഫോറും താരത്തിന്റെ ഇന്നിങ്സിൽ അടങ്ങുന്നു. ടിം ഡേവിഡ്(12), ഡാനിയൽ സാംസ് (7*) എന്നിവർ അവസാനം സ്കോറിംഗിന് വേഗം കൂട്ടി.