ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്ന് ഡൽഹിയിൽ നടന്ന മത്സരത്തിൽ ഡൽഹി ഡൈനാമോസ് ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വരുത്തിയ വരുത്തിയ പിഴവ് മുതലെടുത്ത് ഡൽഹി താരം ജിയാനി സുയിവർലൂൺ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിടെ ഇഞ്ചുറി ടൈമിൽ മിഹേലിച്ചിന്റെ പെനാൽറ്റി ഗോളും കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി നിർണയിച്ചു. അവസാന മിനുട്ടിൽ ലാലിൻസ്വല ചാങ്‌തെയെ ഫൗൾ ചെയ്തതിനു കേരള ബ്ലാസ്റ്റേഴ്‌സ് താരം ലാൽറുവത്താരാ ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ പത്തുപേരുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഡൽഹിയാണ് മത്സരത്തിൽ മുൻതൂക്കം കാണിച്ചത്. കേരളത്തിനും അവസരങ്ങൾ ലഭിച്ചെങ്കിലും ഡൽഹി പ്രതിരോധം മറികടക്കാൻ കേരള ആക്രമണ നിരക്കായില്ല. തുടർന്നാണ് ഡൽഹിയുടെ ആദ്യ ഗോൾ പിറന്നത്. മിഹേലിച്ചിന്റെ കോർണർ പ്രതിരോധിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മടിച്ചപ്പോൾ ജിയാനി സുയിവർലൂൺ അനായാസം ഗോൾ നേടുകയായിരുന്നു.
ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില നേടാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും സന്ദേശ് ജിങ്കന് അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയിൽ ലാകിച്ച് പെസിച്ചിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും കേരളത്തിന് വിനയായി. തുടർന്നാണ് ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ മിഹേലിച്ച് ഡൽഹിയുടെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്. ലാലിൻസ്വലയെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് മിഹേലിച്ച് ഡൽഹിയുടെ വിജയം ഉറപ്പിച്ചു.