ഇത്തവണത്തെ താരകൈമാറ്റത്തിലൂടെ പണം സ്വരൂപിക്കാൻ ബാഴ്‌സ നോക്കിവെച്ച താരങ്ങളിൽ ഒരാളാണ് ഡിയോങ്. ടീം വിടാൻ സന്നദ്ധനല്ലെന്ന് താരം പലപ്പോഴും അറിയിച്ചിട്ടും യുനൈറ്റഡുമായുള്ള ചർച്ചകളുമായി മുന്നോട്ടു പോവുകയായിരുന്നു ബാഴ്‌സ.ടീമിൽ തുടരണമെങ്കിൽ താരം സലറിയിൽ കുറവ് വരുത്തണം എന്നായിരുന്നു ബാഴ്‌സയുടെ ആവശ്യം. എന്നാൽ ഇതു സംബന്ധിച്ച് ടീമിൽ നിന്നും ഔദ്യോഗിക അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ലെന്നായിരുന്നു താരത്തിന്റെ ഭാഗത്ത് നിന്നും അറിയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ടീം വിടാൻ ഡിയോങ് സന്നദ്ധമല്ലെന്ന് താരത്തിന്റെ ഏജന്റുമാർ ബാഴ്‌സലോണയെ അറിയിച്ചിരിക്കുകയാണ്.പക്ഷെ ടീം നിർദ്ദേശിക്കുന്ന പ്രകാരം വരുമാനത്തിൽ കുറവ് വരുത്താനും താരം സന്നദ്ധനാവില്ല. കരാർ പ്രകാരം ഈ സീസൺ മുതൽ ഡിയോങിന്റെ വരുമാനത്തിൽ വലിയ വർധനവ് ആണ് ഉണ്ടാകാൻ പോകുന്നത്. ഇത് പുതിയ താരങ്ങളെ എത്തിക്കുന്നതിൽ വിലങ്ങുതടിയാവുമെന്നതിനാലാണ് ബാഴ്‌സലോണ വരുമാനത്തിൽ കുറവ് വരുത്താൻ താരത്തോട് ആവശ്യപ്പെടുന്നത്.
ഇതോടെ ഇരു ടീമുകളും തമ്മിൽ ധാരണയിൽ എത്തിയ കരാറും പാതി വഴിയിലാവുകയാണ്. കൈമാറ്റ തുക സംബന്ധിച്ച് ഇരുടീമുകളും ധാരണയിൽ എത്തിയിരുന്നെങ്കിലും ഡിയോങിന്റെ കൂടി സമ്മതം ലഭിക്കാതെ കൈമാറ്റം പൂർത്തിയാവില്ല. ഈ ട്രാൻസ്ഫെർ ജലകത്തിൽ യുനൈറ്റഡിന്റെ പ്രധാന അജണ്ടകളിൽ ഒന്നായിരുന്നു ഡിയോങ്. താരത്തിന്റെ മുൻ കോച്ച് ടെൻഹാഗിന്റെ സാന്നിധ്യവും യുണൈറ്റഡിനെ സഹായിക്കുന്നില്ല.
താരം നിലപാട് വ്യക്തമാക്കിയതോടെ പുതിയ താരങ്ങൾക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ബാഴ്‍സ മാനേജ്‌മെന്റിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകരും. പുതിയ താരങ്ങളെ സാലറി ലിമിറ്റിനുള്ളിൽ ടീമിൽ എത്തിക്കണമെങ്കിൽ ഡിയോങ് വിട്ടുവീഴ്‌ച ചെയ്തേ തീരു എന്നുള്ളത് ഉറപ്പാണ്.