കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ വലയ്ക്ക് മുന്നിൽ ഡി ഹിയ നടത്തിയ ദയനീയ പ്രകടനത്തിന്റെ ഫലം സ്പെയിനിലും അനുഭവിക്കേണ്ടി വരികയാണ് ഡി ഹിയക്ക്. ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പറായി കുറച്ചു കാലം മുമ്പ് വരെ കണക്കാക്കപ്പെട്ടിരുന്ന ഡി ഹിയ ഇപ്പോൾ സ്പെയിനിൽ പോലും ഗോൾ വല കാക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
സ്പെയിനിന്റെ അവസാന മൂന്നു മത്സരങ്ങളിലും ഡി ഹിയയെ ബെഞ്ചിൽ ഇരുത്തി ചെൽസി ഗോൾ കീപ്പർ കെപയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ആണ് സ്പെയിൻ കളിച്ചത്. ഡി ഹിയ ഫോമിൽ ഇല്ലാത്തത് തന്നെയാണ് താരത്തെ പുറത്തിരുത്താനുള്ള ടീമിന്റെ തീരുമാനത്തിന്റെ കാരണം. ഡി ഹിയയുടെ സ്പെയിനിലെ കാലം അവസാനിച്ചില്ല എന്നും എന്നാൽ ഇപ്പോൾ കെപ ആണ് മികച്ച ഗോൾ കീപ്പർ എന്നും സ്പാനിഷ് അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞു.
ഈ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു കെപ നടത്തിയത്. യൂറോപ്പ ലീഗ് കിരീടവും കെപ ചെൽസിക്ക് ഒപ്പം ഇത്തവണ സ്വന്തമാക്കിയിരുന്നു. സ്വീഡൻ, മാൾട്ട, ഫറോ ഐലൻഡ് എന്നീ ടീമുകൾക്ക് എതിരെ കെപ ആണ് സ്പെയിൻ വല കാത്തത്. ഇനി അടുത്ത കാലത്തൊന്നും ഡി ഹിയക്ക് സ്പെയിനിലെ ഗോൾ വല കാക്കാൻ പറ്റിയേക്കില്ല. കഴിഞ്ഞ ലോകകപ്പിൽ സ്പെയിൻ വലകാക്കുന്നതിനിടെ തുടങ്ങിയ അബദ്ധങ്ങൾ ഈ കഴിഞ്ഞ സീസൺ മുഴുവൻ ഡി ഹിയ തുടർന്നതാണ് പ്രശ്നമായത്.