ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഏറെ കഷ്ടപ്പെട്ടാണെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. വോൾവ്സിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഗ്രീൻവുഡിന്റെ ഒരൊറ്റ ഗോളാണ് യുണൈറ്റഡിനെ ജയിപ്പിച്ചത്. ഗംഭീര സേവുകളുമായി ഡി ഹിയയും യുണൈറ്റഡ് വിജയത്തിൽ വലിയ പങ്കുവഹിച്ചു.
ഇന്ന് വോൾവ്സിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെള്ളം കുടിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്. പോഗ്ബയെയും ഫ്രെഡിനെയും മിഡ്ഫീൽഡിൽ ഇറക്കിയ ഒലെയുടെ തന്ത്രം ഫലം കണ്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിനെ തുടക്കം മുതൽ വോൾവ്സ് സുഖമായി മറികടന്നു. തുടക്കത്തിൽ വോൾവ്സിന് കിട്ടിയ ഒരു അവസരം ഗോൾ ലൈൻ സേവിലൂടെ വാൻ ബിസാക രക്ഷിച്ചു. പുതിയ സൈനിംഗും അരങ്ങേറ്റം നടത്തുകയും ആയുരുന്ന വരാനെയുടെ സാന്നിദ്ധ്യം വോൾവ്സ് അറ്റാക്കുകളെ തടുക്കാൻ യുണൈറ്റഡിനെ സഹായിച്ചു.
എങ്കിലും ആദ്യ അറുപതു മിനുട്ടിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. വോൾവ്സ് നിരന്ത്രം അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 69ആം മിനുട്ടിൽ ഒരു സെറ്റ്പീസിൽ നിന്ന് വോൾവ്സിന് സുവർണ്ണാവസരം ലഭിച്ചും പക്ഷെ 6 യാർഡ് ബോക്സിൽ കിടന്ന് ഡി ഹിയ നേടിയ രണ്ട് അത്ഭുത സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജീവൻ നൽകി. സീസണിലെ തന്നെ മികച്ച സേവാകാൻ പോകുന്നതായിരുന്നു ഡിഹിയയുടെ ഈ ഡബിൾ സേവുകൾ.
അവസരങ്ങൾ മുതലെടുക്കാത്തതിന് താമസിയാതെ വോൾവ്സ് വിലകൊടുക്കേണ്ടി വന്നു. 80ആം മിനുട്ടിൽ ടീനേജ് താരം മേസൺ ഗ്രീൻ വുഡ് വലതു വിങ്ങിലൂടെ മുന്നേറി തൊടുത്ത ഷോട്ട് വോൾവ്സ് കീപ്പറുടെ കയ്യിൽ ഒതുങ്ങാതെ വലയിലേക്ക് എത്തി. ഗ്രീൻവുഡിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം ഗോളായിരുന്നു ഇത്. വരാനെയാണ് അസിസ്റ്റ് നൽകിയത്. പിന്നീട് നന്നായി ഡിഫൻഡ് ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ എവേ ലീഗ് മത്സരങ്ങളിൽ പരാജയമറിയാതെ തുടർച്ചയായി 28 മത്സരങ്ങൾ പൂർത്തിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ റെക്കോർഡ് കുറിച്ചു.
ഈ വിജയത്തോടെ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റായി വോൾവ്സിന് ഇത് ലീഗിലെ തുടർച്ചയായ ആറാം പരാജയമാണ്.