വെടിക്കെട്ട് ബാറ്റിംഗുമായി ദസുന്‍ ഷനക, ശ്രീലങ്കയ്ക്ക് 206 റൺസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നേടിയത് 206 റൺസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ലങ്ക നേടിയത്. ശ്രീലങ്കയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇന്ത്യ വിക്കറ്റുകളുമായി തിരിച്ചടിച്ചുവെങ്കിലും അവസാന ഓവറുകളിൽ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്

31 പന്തിൽ 52 റൺസ് നേടിയ കുശൽ മെന്‍ഡിസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ചരിത് അസലങ്ക 19 പന്തിൽ 37 റൺസ് നേടി മിന്നും പ്രകടനം പുറത്തെടുത്തു.

Umranmalikindia

33 റൺസ് നേടിയ പതും നിസ്സങ്കയ്ക്ക് എന്നാൽ ടി20 ശൈലിയിൽ ബാറ്റ് വീശാനായില്ല. ഇന്നിംഗ്സിന്റെ അവസാനത്തോടെ സെറ്റായ ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകള്‍ നഷ്ടമായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ദസുന്‍ ഷനകയുടെ മിന്നും ബാറ്റിംഗ് ടീമിന് കരുത്തായി മാറി.

ഉമ്രാന്‍ മാലികിന്റെ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും അടക്കം 21 റൺസ് പിറന്നപ്പോള്‍ ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ ഒരുക്കുവാന്‍ ഷനകയ്ക്കായി. 20 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഷനക സിക്സോട് കൂടിയാണ് ശ്രീലങ്കന്‍ ഇന്നിംഗ്സ് ഇരുനൂറിലെത്തിച്ചതും തന്റെ 50 റൺസ് പൂര്‍ത്തിയാക്കിയതും.

22 പന്തിൽ 56 റൺസ് നേടി ദസുന്‍ ഷനക പുറത്താകാതെ നിന്നപ്പോള്‍ ശ്രീലങ്ക 206/6 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.  16 ഓവര്‍ പിന്നിടുമ്പോള്‍ 138/6 എന്ന നിലയിലായിരുന്ന ടീം അവസാന നാലോവറിൽ നിന്ന് 68 റൺസാണ് നേടിയത്.