ഡാനിയൽ ഫർകെ ബെറൂസിയ മോഞ്ചൻഗ്ലാഡ്ബാച് പരിശീലക സ്ഥാനത്ത് ഇനിയില്ല

Nihal Basheer

കോച്ച് ഡാനിയൽ ഫർകെ ടീം വിടുന്നതായി മോഞ്ചൻഗ്ലാഡ്ബാച് അറിയിച്ചു. മുഖ്യ പരിശീലകനുമായി പരസ്പര ധാരണയിൽ വഴി പിരിയാനാണ് ജർമൻ തീരുമാനിച്ചത്. ഫർകെയുടെ കൂടെ സഹപരിശീലകർ ആയ റെയ്മർ, ക്രിസ്റ്റഫർ ജോൺ, ക്രിസ് ഡോമോഗാല്ല എന്നിവരും ടീം വിടും. ഇതോടെ കഴിഞ്ഞ ജൂണിൽ മാത്രം ടീമിന്റെ സാരഥ്യം ഏറ്റെടുത്ത 46കാരന്റെ ബുണ്ടസ്ലീഗയിലെ ആദ്യത്തെ അധ്യായം ഒരേയൊരു സീസണിൽ അവസാനിക്കുകയാണ്. മൂന്ന് വർഷത്തെ കരാറിൽ ആയിരുന്നു അദ്ദേഹം ടീമിൽ എത്തിയത്.
20230602 204112
സീസണിന് മുൻപ് ആദി ഹുതൂരിന് പകരക്കാരനായാണ് മോഞ്ചൻഗ്ലഡ്ബാച് പരിശീലകൻ ആയി ഫർകെ എത്തുന്നത്. മുൻപ് ഡോർട്മുണ്ട് ബി ടീമിനെ അടക്കം പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ സീസണിൽ പ്രതീക്ഷിച്ച പ്രകടനം ടീമിൽ നിന്നും ഉണ്ടായില്ല. ആദ്യ മത്സരങ്ങളിൽ തോൽവി അറിയാതെ കുതിച്ചെങ്കിലും സീസൺ അവസാനിക്കുമ്പോൾ പത്താം സ്ഥാനത്ത് മാത്രമാണ് ടീം. യുറോപ്യൻ മത്സരങ്ങൾക്കുള്ള യോഗ്യത നേടാൻ സാധിക്കാതെ പോയതും തിരിച്ചടി ആയി. ആകെ പതിനൊന്ന് വിജയങ്ങൾ മാത്രമാണ് സമ്പാദ്യമായിട്ടുള്ളത്. മുൻപ് നോർവിച്ചിനൊപ്പം ചാമ്പ്യൻഷിപ്പ് കിരീടമടക്കം ഇദ്ദേഹത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.