വീണ്ടുമൊരു യാത്രപറച്ചിൽ….ക്ലബ്ബിനോടും ആരാധകരോടും നന്ദി അറിയിച്ച് ഡാനി
നീണ്ട എട്ടു വർഷങ്ങൾ ടീമിനോടൊപ്പം ലോകം കീഴടക്കിയ ശേഷമാണ് 2016ൽ ഡാനി ആൽവസ് ബാഴ്‌സലോണ വിട്ടത്. മൈതാനത്തിന്റെ വലത് ഭാഗത്ത് മെസ്സിക്ക് ഒത്ത പങ്കാളിയായി. ആൽവസ് ടീം വിട്ട ശേഷം വലത് വിങ്ങിലെ ആ കുറവ് ബാഴ്‌സ പലപ്പോഴും അനുഭവിച്ചു. പറ്റിയ പകരക്കാരനെ കണ്ടെത്താൻ ടീമിന് ഒരിക്കലും സാധിച്ചില്ല. അതു കൊണ്ടു തന്നെയാണ് ആൽവസിന്റെ മടങ്ങി വരവ് ആരാധകർ അത്രയേറെ ആഗ്രഹിച്ചതും.
ഒടുവിൽ അത് സംഭവിച്ചു. ടീം കളിക്കളത്തിൽ പ്രയാസമേറിയ കാലത്തിലൂടെ കടന്ന് പോകുമ്പോൾ ആൽവസ് സ്വയം ബാഴ്‌സലോണക്ക് ഓഫർ വെച്ചു. ഏറ്റവും കുറഞ്ഞ സാലറിയും മതി. അങ്ങനെ കഴിഞ്ഞ നവംബറിൽ ബാഴ്‌സയും ആൽവസും കരാറിൽ എത്തി. ജനുവരി മുതൽ ടീമിന് വേണ്ടി കളത്തിലും ഇറങ്ങി.
ആറു മാസങ്ങൾക്ക് ശേഷം ഇപ്പോൾ ഒരിക്കൽ കൂടി ടീമിനോട് വിട പറയുകയാണ് ആൽവസ്. താരവുമായി ഉണ്ടാക്കിയ ആറു മാസത്തെ കരാർ നീട്ടി നൽകേണ്ട എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് ക്ലബ്ബ്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെസ്റ്റാഫിനും ആരാധകർക്കും ആൽവസ് നന്ദി അറിയിച്ചു എഴുതിയതോടെ ആൽവസ് ഇനി ടീമിലുണ്ടാവിലെന്ന് ഉറപ്പായി. തനിക്ക് ഒരിക്കൽ കൂടി ക്ലബ്ബിലേക്ക് മടങ്ങി വരാനും യാത്രപറയാനും കഴിഞ്ഞതിൽ താൻ അതീവ സന്തോഷവാനാണെന്ന് താരം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലങ്ങളിലൊന്ന് അവസാനിച്ചു എന്നും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മറ്റൊന്ന് തുറക്കുകയും ചെയ്തു എന്നും ആൽവസ് എഴുതി. എട്ടു വർഷത്തിൽ കൂടുതൽ ഈ ക്ലബ്ബിന്റെ ഭാഗമായി. ജീവിതം അതിന് വേണ്ടി അർപ്പിച്ചു. എന്നാൽ കാലങ്ങൾ കടന്ന് പോകുമ്പോൾ വഴിപിരിയേണ്ടി വരുന്നത് സ്വഭാവികതയാണ്.
ആരാധകർക്ക് മറക്കാനാവാത്ത ഓർമകൾ രണ്ടാം വരവിലും സമ്മാനിച്ചിട്ടാണ് ആൽവസ് ഒരിക്കൽ കൂടി ബാഴ്‌സയോട് വിട പറയുന്നത്.