ഈ യൂറോ കപ്പിന്റെ ടീമായി മാറിയ ഡെന്മാർക്ക് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. ഇന്ന് അസർബൈജാന്റെ തലസ്ഥാനത്ത് നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെക്ക് റിപബ്ലികിനെ തോൽപ്പിച്ചാണ് ഡെന്മാർക്ക് സെമിയിലേക്ക് എത്തിയത്. ആദ്യ പകുതിയിലെ മികച്ച പ്രകടനമാണ് ഡെന്മാർക്കിന് വിജയം നൽകിയത്.
ഇന്ന് ബാകുവിൽ ഡെന്മാർക്കിന്റെ ആധിപത്യമാണ് തുടക്കത്തിൽ കണ്ടത്. കളി ആരംഭിച്ച് അധികം താമസിയാതെ അധികം പ്രയാസമില്ലാതെ ഡെന്മാർക്ക് ലീഡ് എടുത്തു. അഞ്ചാം മിനുട്ടിൽ ലാർസൺ എടുത്ത കോർണറിൽ അനങ്ങാതെ നിന്ന ഡെലേനിയെ തേടി പന്ത് എത്തി. ആ ഫ്രീ ഹെഡർ നല്ല കരുത്തോടെയും ആക്കുറസിയോടെയും ഡെലേനി വലയിലേക്ക് എത്തിച്ചു. താരത്തിന്റെ ടൂർണമെന്റിലെ ആദ്യ ഗോളായിരുന്നു ഇത്.
ഈ ഗോളിന്റെ ക്ഷീണം ചെക്ക് റിപബ്ലിക്ക ആദ്യ പകുതിയിൽ ഉടനീളം നിഴലിച്ചു. അവരുടെ സ്വാഭാവികമായ മത്സരം ആദ്യ പകുതിയിൽ കാണാൻ ആയില്ല. ഡെന്മാർക്ക് ആകട്ടെ തുടർച്ചയായ ഇടവേളകളിൽ ആക്രമണങ്ങൾ നടത്തി. 13ആം മിനുട്ടിൽ ഹിയിബർഗിന്റെ ഒരു ലോങ് ബോൾ സ്വീകരിച്ച് മുന്നേറിയ ഡംസ്ഗാർഡിന്റെ ഷോട്ട് ഗോൾ ലൈനിൽ വെച്ചാണ് ചെക്ക് ഡിഫൻസ് തടഞ്ഞത്.
16ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ ഡെലേനിക്ക് ഒരു അവസരം ലഭിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 22ആം മിനുട്ടിൽ ഗോൾകീപ്പർ കാസ്പെർ ഷിമൈക്കിളിന്റെ പിഴവിൽ നിന്ന് ചെക്കിന് ഒരു അവസരം ലഭിച്ചു എങ്കിലും ആ അറ്റാക്ക് മികച്ച ഒരു സേവിലൂടെ ഷിമൈക്കിൾ തന്നെ തടഞ്ഞു.
44ആം മിനുട്ടിലാണ് ഡെന്മാർക്കിന്റെ രണ്ടാം ഗോൾ വന്നത്. ഇടതു വിങ്ങിൽ നിന്ന് മഹ്ലെ പുറം കാലു കൊണ്ട് കൊടുത്ത മനോഹര ക്രോസ് ആ ക്രോസോളം തന്നെ മനോഹരമായ ഫിനിഷിൽ ഡോൽബർഗ് വലയിൽ എത്തിച്ചു. ഡെന്മാർക്ക് കളി സ്വന്തമാക്കും എന്ന് ഈ ഗോൾ തോന്നിച്ചു.
എന്നാൽ രണ്ടാം പകുതി രണ്ടു മാറ്റങ്ങളുമായി തുടങ്ങിയ ചെക്ക് റിപബ്ലിക്ക് പെട്ടെന്ന് തന്നെ കളിയിലേക്ക് തിരികെയെത്തി. രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ തന്നെ തുടർ ആക്രമണങ്ങൾ നടത്തിയ അവർ 49ആം മിനുട്ടിൽ അവരുടെ ആദ്യ ഗോൾ കണ്ടെത്തി. സൗഫലിന്റെ പാസിൽ നിന്ന് ചെക്കിന്റെ വിശ്വസ്തനായ സ്ട്രൈക്കർ പാട്രിക്ക് ഷിക്ക് ആണ് വല കണ്ടെത്തിയത്. താരത്തിന്റെ ഈ ടൂർണമെന്റിലെ അഞ്ചാം ഗോളായിരുന്നു ഇത്.
കളി കൈവിട്ട് പോകുന്നത് തടയാനായി ഡെന്മാർക്കും മാറ്റങ്ങൾ നടത്തി. പൗൾസന്റെ വരവ് ഡെന്മാർക്കിന് കളിയിൽ നിയന്ത്രണം തിരികെ നൽകി. പൗൾസൺ ചെക്ക് ഡിഫൻസിന് ഭീഷണിയാവുകയും ചെയ്തു. 78ആം മിനുട്ടിൽ പൗൾസന്റെ ഒരു ഷോട്ട് തടയാൻ വാസ്ലിചിന് ഫുൾ ലെങ്ത് ഡൈവ് ചെയ്യേണ്ടി വന്നു. 82ആം മിനുട്ടിൽ മെഹ്ലിന്റെ ഷോട്ടും വാസ്ലിച് സമർത്ഥമായി തടഞ്ഞ് ചെക്കിനെ കളിയിൽ നിർത്തി.
ചെക്ക് സമനിലക്കായി നടത്തിയ ശ്രമങ്ങൾ ഡെന്മാർക്ക് ഡിഫൻസും കാസ്പെർ ഷിമൈക്കിളും ചേർന്ന് തുടർച്ചയായി തടഞ്ഞ് സെമി ഉറപ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ടും ഉക്രൈനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഡെന്മാർക്ക് സെമി ഫൈനലിൽ നേരിടുക.