മുംബൈയിൽ ചെന്ന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് (CSK). മതീഷ് പതിരണയുടെ മികച്ച ബൗളിംഗിന്റെ മികവിൽ 20 റൺസിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. രോഹിത് ശർമ്മ സെഞ്ച്വറിയുമായി ഒറ്റയ്ക്ക് നിന്ന് മുംബൈക്ക് ആയി പൊരുതി എങ്കിലും ലക്ഷ്യത്തിൽ എത്താൻ ആയില്ല. CSK-യുടെ സീസണിലെ നാലാം വിജയവും മുംബൈയുടെ നാലാം പരാജയവുമാണിത്.
ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 207 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കമാണ് ഇന്ന് വാങ്കഡെയിൽ കിട്ടിയത്. രോഹിതും ഇഷനും കൂടി അറ്റാക്ക് ചെയ്തു തന്നെ കളി തുടങ്ങി. ആദ്യ ആറോവറിൽ 63 റൺസ് അവർ എടുത്തു. ഓപ്പണിങ് വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ട് അവർ ചേർത്തു. ഇഷൻ 15 പന്ത 23 റൺസ് എടുത്താണ് പുറത്തായത്.
പിന്നാലെ വന്ന സൂര്യകുമാർ റൺ ഒന്നും എടുക്കാതെ പുറത്തായി. മുസ്തഫിസുർ റഹ്മാന്റെ സിക്സ് ലൈനിലെ ഒരു മികച്ച ക്യാച്ചിലൂടെ ആണ് സൂര്യകുമാർ പുറത്തായത്. രണ്ടു വിക്കറ്റുകളും പതിരണയാണ് വീഴ്ത്തിയത്. രണ്ടു വിക്കറ്റുകൾ പെട്ടെന്ന് തന്നെ പോയെങ്കിലും മുംബൈ ഇന്ത്യൻസ് പതറിയില്ല. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ അവർ അറ്റാക്ക് ചെയ്തു തന്നെ കളിച്ചു. തിലക് ഒപ്പം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. 20 പന്തിൽ നിന്ന് താരം 31 റൺസ് എടുത്തു. തിലക് വർമയെയും പതിരണ പുറത്താക്കി.
2 റൺസ് എടുത്ത ഹാർദിക്, 13 റൺസ് എടുത്ത ടിം ഡേവിഡ്, 1 റൺ എടുത്ത ഷെപേർഡ് എന്നിവഎ നിരാശപ്പെടുത്തി. ഒരു വശത്ത് രോഹിത് നിന്നു എങ്കിലും വിജയ ലക്ഷ്യം മുംബൈയിൽ നിന്ന് അകന്നു. അവസാന മൂന്ന് ഓവറിൽ 53 റൺസ് ആയിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പതിരണ എറിഞ്ഞ 18ആം ഓവറിൽ വെറും 6 റൺസ് മാത്രമേ വന്നുള്ളൂ.
ഇതോടെ ജയിക്കാൻ 2 ഓവറിൽ 47 റൺസ് എന്നായി. മുസ്തഫിസുറിന്റെ 19ആം ഓവറിൽ 13 റൺസ് മാത്രം. ഇതോടെ അവസാന ഓവറിൽ 34 റൺസ് എന്നായി.
രോഹിത് ശർമ്മ 63 പന്തിൽ നിന്ന് 105 റൺസ് എടുത്തു. 5 സിക്സും 11 ഫോറും രോഹിത് അടിച്ചു. പക്ഷെ ഇതൊന്നും മതിയായില്ല അവർക്ക് ജയിക്കാൻ. 4 വിക്കറ്റ് വീഴ്ത്തിയ പതിരണ 4-28 എന്ന മികച്ച നിലയിൽ സ്പെൽ പൂർത്തിയാക്കി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ സ്കോര്‍ തന്നെ നേടി. ശിവം ദുബേയുടെ താണ്ഡവത്തിന് ശേഷം അവസാന ഓവറിൽ എംഎസ് ധോണി ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കെതിരെ നാല് പന്തിൽ മൂന്ന് സിക്സുമായി അവതരിച്ചപ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന പടുകൂറ്റന്‍ സ്കോറാണ് ചെന്നൈ നേടിയത്. ദുബേ 38 പന്തിൽ 66 റൺസ് നേടിയപ്പോള്‍ ധോണി 4 പന്തിൽ 20 റൺസാണ് നേടിയത്.
ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ അജിങ്ക്യ രഹാനെയെയാണ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. താരം വേഗത്തിൽ പുറത്തായ ശേഷം രച്ചിന്‍ രവീന്ദ്ര റുതുരാജ് ഗായ്ക്വാഡ് കൂട്ടുകെട്ട് 52 റൺസ് കൂട്ടിചേര്‍ത്ത ശേഷം 16 പന്തിൽ 21 റൺസ് നേടിയ രവീന്ദ്രയുടെ വിക്കറ്റ് ടീമിന് നഷ്ടമായി.
പിന്നീട് ശിവം ദുബേയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് വാങ്കഡേയിൽ കണ്ടത്. 90 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ചെന്നൈ നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റുതുരാജിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 40 പന്തിൽ 69 റൺസാണ് റുതുരാജ് നേടിയത്. മറുവശത്ത് മുംബൈ ബൗളര്‍മാരെ കണക്കിന് പ്രഹരമേല്പിച്ച് ശിവം ദുബേ താണ്ഡവമാടുകയായിരുന്നു.
അവസാന ഓവറിൽ ധോണിയുടെ ഹാട്രിക്ക് സിക്സ് കൂടിയായപ്പോള്‍ ചെന്നൈ ഇരുനൂറ് കടന്നു. അവസാന ഓവറിൽ നിന്ന് 26 റൺസാണ് വന്നത്.