മലപ്പുറം: ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കിരീടം ഇത്തവണ സിആര്‍പിഎഫ് നേടിയപ്പോള്‍ വിജയത്തിന് പിന്നില്‍ മലയാളികള്‍ക്കും ആശ്വസിക്കാം. ടീമിലുള്ള മൂന്ന് മലയാളി താരങ്ങള്‍ക്കു പുറമെ രണ്ട് മലയാളി ഫിസിയോകളുമാണ് പട്ടാള വെടിക്കെട്ടിന് കോപ്പുകൂട്ടുന്നത്. ടീം ഫിസിയോ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സി മഹേഷ്, കോച്ചിങ് സ്റ്റാഫ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി സി ഉമേഷ് എന്നിവരാണ് ടീമിന്റെ പരിശീലന വിഭാഗത്തിലുള്ള മലയാളികള്‍. സിആര്‍പിഎഫിന്റെ അത്ലറ്റിക്സ് ചുമതലയും മഹേഷിനാണ്. ഫൈനില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഗോള്‍ കീപ്പര്‍ മോസസ് ആന്റണി, സ്ട്രൈക്കര്‍ ടി വി ജോണ്‍, വിങ് ബാക്ക് പി വി സുനേഷ് എന്നിവരാണ് മറ്റു മലയാളികള്‍.
മത്സ്യബന്ധന കുടുംബാംഗമായ മോസസിന്റെ പിതാവ് ആന്റണിയും മാതാവ് നാന്‍സിയുമാണ്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് തിരുവന്തപുരം കൊച്ചുവേളിയിലെ യുവാവ്. സന്തോഷ് ട്രോഫിയില്‍ പഞ്ചാബിന്റെ വല കാത്തിട്ടുണ്ട്.
ആലപ്പുഴയിലെ ജോണ്‍ ടീമിന് വേണ്ടി രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. പെയിന്റര്‍ ബേബിച്ചന്‍-മേഴ്സി ദമ്പതികളുടെ മകനാണ്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ കെ പി ഭാസ്‌കരന്റേയും സരോജിനിയുടേയും മകനാണ് പി വി സുനേഷ്. മൂന്നു പേരും ആള്‍ ഇന്ത്യാ യുണിവേഴ്സിറ്റി ചാംപ്യന്‍ഷിപ്പില്‍ കേരള യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
പഞ്ചാബ് സീനിയര്‍,സബ്ജൂനിയര്‍ വുമണ്‍സ്, ജൂനിയര്‍ ബോയ്സ് ടീമുകളുടെ സഹപരിശീലകനായിരുന്നു ഉമേഷ്. 2003 സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ കാസര്‍ഗോഡ് ടീമംഗമായിരുന്നു. തൃക്കരിപ്പൂര്‍ മന ബ്രദേഴ്‌സ്, ആക്‌മെ ക്ലബ്ബുകള്‍ക്ക് കളിച്ചിട്ടുണ്ട്. സിആര്‍പിഎഫ് താരമായിരുന്ന ഉമേഷ് പിന്നീട് കോച്ചിംങ് രംഗത്തേക്ക് മാറുകയായിരുന്നു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ പി മാധവിയുടെയും പരേതനായ ചെറിയമ്പുവിന്റേയും മകനാണ്. ഭാര്യ ഷിജില, മകന്‍ രോഹിത്.
മഹേഷ് എട്ടു വര്‍ഷമായി സിആര്‍പിഎഫ് ടീമിന്റെ ഫിസിയോ ആണ്. സ്‌പോര്‍ട്‌സ് ഫിസിയോ തെറാപ്പി യോഗ്യതയുള്ള മഹേഷിന്റെ ഭാര്യ രമ്യ. ശ്രീയുക്ത, നദാശ്രീ മക്കളാണ്.
ടീമില്‍ മലയാളികളുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ബിഎസ്എഫിനെതിരെ നടന്ന ഫൈനലില്‍ കാണികളുടെ കൂടുതല്‍ പിന്തുണ ലഭിച്ചത് ടീമിന് കരുത്തായെന്ന് കോച്ച് ഡി എസ് ഭാട്ടിയും മാനേജര്‍ പ്രേം ഥാപ്പയും പറഞ്ഞു.