അന്താരാഷ്ട്ര ക്രിക്കറ്റിൽ 15,000 റൺസ് തികച്ചു ഇന്ത്യയുടെ രോഹിത് ശർമ്മ. ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ആണ് രോഹിത് ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. അന്താരാഷ്ട്ര കരിയറിൽ 15,000 റൺസ് നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് നിലവിൽ ടെസ്റ്റിൽ അഞ്ചാം റാങ്കുകാരനായ രോഹിത്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരാട് കൊഹ്‌ലി, സൗരവ് ഗാംഗുലി, വിരേന്ദ്രർ സെവാഗ്, എം.എസ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ ആണ് രോഹിതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.
ഏകദിനത്തിലും ട്വന്റി ട്വന്റിയിലും മികച്ച റെക്കോർഡുകൾ ഉള്ള രോഹിത് വൈകി അരങ്ങേറിയ ടെസ്റ്റിലും തന്റെതായ മികവ് തെളിയിച്ചിട്ടുണ്ട്. ഏതാണ്ട് 10,000 നു അടുത്ത് റൺസുള്ള രോഹിതിനു ട്വന്റി ട്വന്റിയിലും മികച്ച റെക്കോർഡ് ആണ് ഉള്ളത്. 42 ടെസ്റ്റും, 227 ഏകദിനവും, 111 ട്വന്റി ട്വന്റിയും കളിച്ച രോഹിത് 40 ശതകങ്ങളും നേടിയിട്ടുണ്ട്. ഇതിൽ 29 ശതകവും ഏകദിനത്തിൽ ആണ് രോഹിത് നേടിയത്. എന്നും തന്റെ അനായാസവും സുന്ദരവുമായ ബാറ്റിംഗുമായി ആരാധകരെ ത്രസിപ്പിക്കുന്ന രോഹിതിൽ നിന്നു ഇനിയും ഒരുപാട് നേട്ടങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.