ഇറ്റലിയിൽ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തിൽ നൂറ് ഗോളുകൾ നേടിയ താരമായി മാറി ക്രിസ്റ്റ്യാനോ റൊണാൾഡോ. 131 മത്സരങ്ങളിൽ നിന്നുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 100 ഗോളുകൾ നേടുന്നത്. മൂന്ന് സീസൺ പൂർത്തിവുന്നതിന് മുൻപ് തന്നെ 100 ഗോളുകൾ നേടുന്ന ആദ്യ താരം കൂടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിന് മുൻപ് ഒമർ സിവോരിയും റോബർട്ടോ ബാഗിയോയും മാത്രമാണ് അഞ്ചിൽ കുറവ് സീസണിൽ കളിച്ച് 100 ഗോളുകൾ എന്ന നാഴികകല്ല് പിന്നിട്ടത്.
ഇതിനെല്ലാം പുറമേ ഫുട്ബോൾ ചരിത്രത്തിൽ തന്നെ മൂന്ന് ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന താരവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്,യുവന്റസ് എന്നീ ക്ലബ്ബുകൾക്ക് പുറമേ പോർച്ചുഗല്ലിന് വേണ്ടിയും 100 ഗോളുകളിൽ അധികം ഗോളുകൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ചു കൂട്ടി. ഈ സീസണിൽ 35 ഗോളുകളാണ് യുവന്റസിന് വേണ്ടി റൊണാൾഡോ നേടിയത്. ആദ്യ രണ്ട് സീസണിലും യുവന്റസിനൊപ്പം സീരി എ കിരീടം നേടാനായെങ്കിലും ഇത്തവണ ഇറ്റലിയിലെ ചാമ്പ്യന്മാർ ഇന്റർ മിലാനാണ്.