കൊറോണ കാരണം നീണ്ട കാലം ഫുട്ബോൾ നിർത്തിവെച്ച ശേഷം ഇന്നലെ ആയിരുന്നു പോർച്ചുഗൽ ഫുട്ബോൾ ലീഗ് പുനരാരംഭിച്ചത്. പക്ഷെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ പോർട്ടോയ്ക്ക് ലീഗിലെ ആദ്യ മത്സരത്തിൽ പരാജയം വഴങ്ങേണ്ടി വന്നു. ഫമാലികായോ ആണ് പോർട്ടോയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫമാലികായോവിന്റെ വിജയം. ജയത്തോടെ നാലാം സ്ഥാനത്തേക്ക് എത്താൻ ക്ലബിനായി.
48ആം മിനുട്ടിൽ ഫബിയോ മാർട്ടിൻസ് ആണ് പോർട്ടോയെ ഞെട്ടിച്ച് കൊണ്ട് ആദ്യ ഗോൾ നേടിയത്. പക്ഷെ കൊറോണ കാലത്ത് പോർട്ടോയുടെ രക്ഷകനായി കൊറോണ എത്തി. ജീസസ് കൊറോണ എന്ന പോർട്ടോ താരം സമനില ഗോൾ നേടി. പക്ഷെ ആ സമനില നീണ്ടു നിന്നില്ല. മിഡ്ഫീൽഡർ പോട്ടോയിലൂടെ ഫമാലികോ വിജയം ഉറപ്പിച്ചു. ഈ തോൽവി പോർട്ടോയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയേക്കും. രണ്ടാമതുള്ള ബെൻഫികയേക്കാൾ വെറും 1 പോയന്റിന്റെ ലീഡ് മാത്രമെ പോർട്ടോയ്ക്ക് ഉള്ളൂ.