മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വാസം. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് നടത്തിയ കൊറോണ പരിശോധന ഫലം പുറത്ത് വന്നപ്പോൾ ആർക്കും കൊറോണ പോസിറ്റീവ് ഇല്ല. പ്രീമിയർ ലീഗിൽ ആകെ ആറ് പേർക്കാണ് കൊറോണ പോസിറ്റീവ് ആയത്. അതിൽ ആരും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നിന്നില്ല. അതുകൊണ്ട് തന്നെ ക്ലബിനു ഉടൻ ഗ്രൂപ്പ് പരിശീലനം ആരംഭിക്കാം.
ഇന്ന് മുതൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ചെറിയ ഗ്രൂപ്പുകളായി പരിശീലനം നടത്തും. യുണൈറ്റഡിന്റെ പരിശീലന ഗ്രൗണ്ടായ കാരിങ്ടണിൽ ആയിരിക്കും താരങ്ങളും പരിശീലകരും നീണ്ട കാലത്തിനു ശേഷം മടങ്ങി എത്തുക. ബ്രൂണോ ഫെർണാണ്ടസ്, പോൾ പോഗ്ബ എന്നിവർ ആദ്യമായി ഒരുമിച്ച് പരിശീലനം നടത്തുന്നത് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കാണാൻ കഴിയും.
അവസാന കുറേ കാലമായി പുറത്തിരിക്കുക ആയിരുന്ന പോഗ്ബയും റാഷ്ഫോർഡും ഒക്കെ ഫിറ്റ്നെസ് വീണ്ടെടുത്ത് മടങ്ങി എത്തിയിട്ടുണ്ട്. ജൂണിൽ പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതിനു മുമ്പ് താരങ്ങക്കെയൊക്കെ പൂർണ്ണ ഫിറ്റ്നെസിലേക്ക് കൊണ്ടു വരിക ആകും ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ ലക്ഷ്യം.