ലാറ്റിനമേരിക്കയിൽ ഇന്ന് മുതൽ ഫുട്ബോൾ ഉത്സവം അരംഭിക്കുകയാണ്. കാണുന്നവർക്ക് ആഘോഷമാണ് എങ്കിലും വലിയ പ്രതിസന്ധികൾക്ക് നടുവിലാണ് ഇത്തവണത്തെ കോപ അമേരിക്ക നടക്കുന്നത്. ഇന്നലെ വെനിസ്വേല ടീമിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ന് ഉദ്ഘാടന മത്സരം നടക്കുമോ എന്നത് പോലും സംശയത്തിലാണ്. ഇന്ന് ബ്രസീലും വെനിസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 2.30നാണ് മത്സരം നടക്കുന്നത്.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കൊളംബിയ ഇക്വഡോറിനെയും നേരിടും. ഈ മത്സരം പുലർച്ചെ 5.30നാണ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് കോപ അമേരിക്കയിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ആതിഥേയരായ ബ്രസീലിനൊപ്പം കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ മെസ്സിയുടെ അർജന്റീനക്ക് ഒപ്പം ചിലി, ഉറുഗ്വേ, ബൊളീവിയ, പരാഗ്വേ എന്നിവരും ഉണ്ട്. എട്ടു ടീമുകൾ ഗ്രൂപ്പ് ഘട്ടം കടക്കും എന്നത് കൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ വലിയ അത്ഭുതങ്ങൾ പലരും പ്രതീക്ഷിക്കുന്നില്ല.
ജൂലൈ 11നാണ് കോപ അമേരിക്ക ഫൈനൽ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ. മെസ്സിയ അർജന്റീനയും നീണ്ട കാലത്തിനു ശേഷമുള്ള ഒരു കിരീടമാണ് ഈ ടൂർണമെന്റിൽ ലക്ഷ്യമിടുന്നത്. സ്കലോനി പരിശീലകനായി എത്തിയ ശേഷമുള്ള അർജന്റീനയുടെ ആദ്യ വലിയ ടൂർണമെന്റാണിത്. അർജന്റീനയിൽ നിന്ന് കളി ബ്രസീലിലേക്ക് മാറ്റിയത് അർജന്റീനയ്ക്ക് തിരിച്ചടി ആണെങ്കിലും അർജന്റീന ആരാധകർ പ്രതീക്ഷ കൈവിടുന്നില്ല.
ബ്രസീലിന് അവരുടെ ലോകകപ്പ് യോഗ്യത റൗണ്ടിലെ പ്രകടനങ്ങൾ ആണ് ആത്മവിശ്വാസം നൽകുന്നത്. ഗവണ്മെന്റുമായും ബോർഡുമായും ഒക്കെ ഉടക്കിയാണ് ബ്രസീൽ ടീം ടൂർണമെന്റിന് എത്തുന്നത്. അത് അവരെ എത്ര മാത്രം ബാധിച്ചിട്ടുണ്ട് എന്ന് ഉദ്ഘാടന മത്സരത്തിൽ തന്നെ അറിയാനാകും. അർജന്റീന ബ്രസീൽ എന്നതിനപ്പുറം കോപ അമേരിക്ക കിരീടം കൊണ്ടുപോകാൻ കഴിവുള്ള ടീമുകൾ ലാറ്റിനമേരിക്കയിൽ ഉണ്ട്. ചിലി, ഉറുഗ്വേ, കൊളംബിയ എന്നിവർക്ക് എല്ലാം കിരീടത്തിൽ കണ്ണുണ്ട്. അടുത്ത കാലത്തായി നന്നായി കളിക്കുന്ന ഇക്വഡോറും ഈ ടൂർണമെന്റിനെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്.
കിക്കോഫ് സമയം അനുകൂലം അല്ലായെങ്കിലും ഇന്ത്യൻ ഫുട്ബോൾ പ്രേമികളും ഉറക്കം മാറ്റിവെച്ച് കോപ അമേരിക്ക ആവേശത്തിനൊപ്പം ചേരും. മത്സരങ്ങൾ എല്ലാം സോണി നെറ്റ്വർക്ക് ആണ് ടെലിക്കാസ്റ്റ് ചെയ്യുന്നത്.