വനിത കോപ അമേരിക്ക കിരീടം എട്ടാം തവണയും ഉയർത്തി ബ്രസീൽ വനിതകൾ. ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ആണ് ബ്രസീൽ കിരീടം ഉറപ്പിച്ചത്. പന്ത് കൈവശം വക്കുന്നതിൽ ബ്രസീൽ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ കൂടുതൽ ഷോട്ടുകൾ ഉതിർത്തതും അവസരങ്ങൾ ഉണ്ടാക്കിയതും കൊളംബിയ ആയിരുന്നു. 39 മത്തെ മിനിറ്റിൽ തന്നെ മാനുവല വിനെഗാസ് വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട പരിചയസമ്പന്നയായ ഡബിൻഹയാണ് ബ്രസീലിനു മത്സരത്തിലെ ഏക ഗോൾ സമ്മാനിച്ചത്.
അവസാന നിമിഷങ്ങളിൽ മത്സരം ചൂട് പിടിക്കുന്നതും കാണാൻ ആയി. കൊളംബിയയുടെ വെല്ലുവിളി അതിജീവിച്ച ബ്രസീൽ എട്ടാം തവണയും കോപ അമേരിക്ക കിരീടം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. കോപ അമേരിക്ക ജയത്തോടെ ബ്രസീൽ അടുത്ത ഒളിമ്പിക്സിനും യോഗ്യത ഉറപ്പിച്ചു. ഫൈനലിൽ എത്തിയതോടെ ബ്രസീൽ, കൊളംബിയ ടീമുകൾ അടുത്ത വർഷം നടക്കുന്ന ലോകകപ്പിനും യോഗ്യത നേരത്തെ നേടിയിരുന്നു. ലൂസേഴ്സ് ഫൈനലിൽ പരാഗ്വയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന വനിതകൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.