ആദ്യ കിരീടം തേടി ഇംഗ്ലണ്ട് ഒമ്പതാം കിരീടം തേടി ജർമ്മനി! ഇന്ന് വനിത യൂറോ കപ്പ് ഫൈനൽ

Screenshot 20220731 162053

വനിത യൂറോ കപ്പ് ഫൈനലിൽ ഇന്ന് ഇംഗ്ലണ്ട് ജർമ്മനിയെ നേരിടും. രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് മത്സരം നടക്കുക. അതുഗ്രൻ ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും എന്നുറപ്പാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വലിയ കിരീടം തേടി ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്. 5 വർഷം മുമ്പ് തന്റെ രാജ്യമായ ഹോളണ്ടിനെ യൂറോ കപ്പ് ജേതാക്കൾ ആക്കിയ സറീന വിങ്മാനു കീഴിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് തീർത്തും ആധികാരികമായാണ് ഫൈനലിൽ എത്തിയത്. ഒരിക്കൽ കൂടി കിരീടം എന്ന ലക്ഷ്യമാണ് സറീനക്ക് എങ്കിൽ ഇംഗ്ലീഷ് വനിത ഫുട്‌ബോളിനെ തന്നെ മാറ്റി മറിക്കാവുന്ന കിരീട നേട്ടം ആണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. റെക്കോർഡ് ആരാധകർ ഇതിനകം കളി കാണാൻ എത്തിയ വനിത യൂറോ വനിത ഫുട്‌ബോളിന്റെ തല വര മാറ്റും എന്ന അഭിപ്രായം ഇതിനകം തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനും ആഴ്‌സണൽ പ്രതിരോധ താരവുമായ ലീയ വില്യംസൺ പങ്ക് വച്ചിട്ടുണ്ട്.

20220731 162036

Screenshot 20220712 031346 01

1921 ൽ വനിതകൾ ഫുട്‌ബോൾ കളിക്കുന്നത് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ 1971 ൽ മാത്രമായിരുന്നു ആ വിലക്ക് പിൻവലിക്കുന്നത്. അതിനാൽ തന്നെ വനിത ഫുട്‌ബോളിൽ ഇംഗ്ലണ്ടിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനം ആവും ഈ കിരീട നേട്ടം. 2009 ൽ യൂറോ കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജർമ്മനി 6-2 നു ആണ് ഇംഗ്ലണ്ടിനെ തകർത്തത്. എന്നാൽ അന്നത്തെക്കാൾ അതിശക്തമാണ് ഇംഗ്ലണ്ട് ടീം ഇപ്പോൾ. 1984 ലും 2009 ലും നേടാൻ ആവാത്തത് മൂന്നാം തവണ നേടാൻ ലക്ഷ്യം വക്കുന്ന ഇംഗ്ലണ്ട് ഇത് വരെ മികച്ച പ്രകടനം ആണ് ടൂർണമെന്റിൽ ഉടനീളം നടത്തിയത്. ഗ്രൂപ്പ് എയിൽ ജേതാക്കൾ ആയാണ് ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയയെ 1-0 നും നോർവെയെ റെക്കോർഡ് 8-0 നും വടക്കൻ അയർലന്റിനെ 5-0 നും ഇംഗ്ലണ്ട് തകർത്തു. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു കളികളിൽ 14 ഗോളുകൾ അടിച്ച ഇംഗ്ലണ്ട് ഒരു ഗോൾ പോലും വഴങ്ങിയില്ല. ക്വാർട്ടർ ഫൈനലിൽ കരുത്തരും മികച്ച ഫോമിലും ഉള്ള സ്‌പെയിനിനെ 1-0 നു പിറകിൽ ആയ ശേഷം തിരിച്ചു വന്നു എക്സ്ട്രാ സമയത്ത് 2-1 നു ആണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. സെമിയിൽ ആവട്ടെ 4-0 നു സ്വീഡനെ ഇംഗ്ലണ്ട് തകർത്തു.

Screenshot 20220716 024325 01

ടൂർണമെന്റിൽ കളിച്ച 5 കളികളിൽ 20 ഗോളുകൾ നേടിയ ഇംഗ്ലണ്ട് ഒരൊറ്റ ഗോൾ മാത്രം ആണ് വഴങ്ങിയത്. 2009 ൽ ജർമ്മനി യൂറോ കപ്പിൽ നേടിയ 21 ഗോളുകൾ എന്ന റെക്കോർഡ് തകർക്കാൻ കൂടിയാവും ഇംഗ്ലണ്ട് ഫൈനലിൽ ശ്രമിക്കുക. ഗോളിൽ മേരി ഏർപ്‌സ് നിൽക്കുമ്പോൾ ലീയ വില്യംസൺ നയിക്കുന്ന ലൂസി ബ്രോൺസ്, മില്ലി ബ്രൈറ്റ് അടക്കം അടങ്ങിയ ഇംഗ്ലീഷ് പ്രതിരോധം അതിശക്തമാണ്. കെയിറ വാൽഷ്, ജോർജിയ സ്റ്റാൻവെ, ഫ്രാൻ കിർബി എന്നിവർ അടങ്ങിയ ഇംഗ്ലണ്ട് മധ്യനിര ഏത് കളിയും അനുകൂലമാക്കാവുന്ന പ്രതിഭകൾ നിറഞ്ഞതാണ്. ടൂർണമെന്റിൽ ഇത് വരെ 6 ഗോളുകളും നാലു അസിസ്റ്റുകളും നേടി ടോപ് സ്‌കോററും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവുമായ ആഴ്‌സണലിന്റെ ബെത് മെഡിനു ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ എലൻ വൈറ്റ്, ലൗറൻ ഹെമ്പ് എന്നിവർ ഉഗ്രൻ ഫോമിലാണ്. ഇത് വരെ നാലു ഗോളുകൾ നേടിയ വൈറ്റ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ പദവിയാണ് ലക്ഷ്യം വക്കുന്നത്. അതേസമയം പകരക്കാരിയായി ഇറങ്ങി ഇതിനകം നാലു ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലസിയോ റൂസോ ഇംഗ്ലണ്ടിന്റെ വജ്രായുധം ആണ്. സ്വീഡന് എതിരെ റൂസോ നേടിയ ഗോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ ആയിരുന്നു. ടൂർണമെന്റിൽ ഇത് വരെ എല്ലാ കളിയിലും സമാനമായ ടീമിനെ ഇറക്കിയ ഇംഗ്ലീഷ് പരിശീലക ഫൈനലിലും സമാനമായ ടീമിനെ ആവും കളത്തിൽ ഇറക്കുക.

Screenshot 20220713 023503 01

മറുപുറത്ത് കളിച്ച 8 യൂറോ കപ്പ് ഫൈനലുകളും ജയിച്ച ജർമ്മനി ഇംഗ്ലണ്ടിന് എതിരെ 27 കളികളിൽ വെറും 2 മത്സരങ്ങൾ മാത്രമെ പരാജയപ്പെട്ടിട്ടുള്ളു എന്ന ആത്മവിശ്വാസവും ആയാണ് കളത്തിൽ ഇറങ്ങുക. ഇംഗ്ലണ്ട് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയം വഴങ്ങിയതും ജർമ്മനിയോട് ആണ്. അതേസമയം അവസാന മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം ഇംഗ്ലണ്ടിന് ഒപ്പം ആയിരുന്നു. യൂറോ കപ്പിൽ ഇത് വരെ നാലു തവണ ഏറ്റുമുട്ടിയപ്പോഴും എല്ലാ തവണയും ജയം ജർമ്മനിക്ക് ഒപ്പം ആയിരുന്നു. ഗ്രൂപ്പ് ബിയിൽ ജേതാക്കൾ ആയാണ് ജർമ്മനി ക്വാർട്ടറിൽ എത്തുന്നത്. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ 4-0 നു തകർത്ത ജർമ്മനി രണ്ടാം മത്സരത്തിൽ കരുത്തരായ സ്പെയിനിനെ 2-0 നു തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ 3-0 നു ആണ് ഫിൻലന്റിനെ അവർ വീഴ്ത്തിയത്. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രിയയെ 2-0 നു തകർത്ത ജർമ്മനി സെമിയിൽ കടുത്ത പോരാട്ടം ആണ് നേരിട്ടത്. എന്നാൽ ഇരട്ടഗോളുകൾ നേടിയ ക്യാപ്റ്റൻ അലക്സാന്ദ്ര പോപ്പിന്റെ മികവിൽ ഫ്രാൻസിനെ അവർ മറികടക്കുക ആയിരുന്നു. ടൂർണമെന്റിൽ കളിച്ച 5 കളികളിൽ 13 ഗോളുകൾ നേടിയ ജർമ്മനി ഒരൊറ്റ ഗോൾ മാത്രം ആണ് വഴങ്ങിയത്. ഫ്രാൻസിന് എതിരെ ഗോൾ കീപ്പർ മെർലി ഫ്രോഹ്മ്സ് വഴങ്ങിയ സെൽഫ് ഗോൾ ആയിരുന്നു ഇത്. ഇത് വരെ ഒരു എതിർ താരവും ജർമ്മനിക്ക് എതിരെ ടൂർണമെന്റിൽ ഗോൾ നേടിയിട്ടില്ല.

Screenshot 20220717 024534 01

പ്രതിരോധത്തിൽ ബയേണിന്റെ മറീന ഹെഗറിങും ഗുയിലിയ ഗ്വിനും വോൾവ്സ്ബർഗിന്റെ കാതറിൻ കെൻഡ്രിച്, ഫെലിസിറ്റാസ് റോച് എന്നിവർ ആണ് ജർമ്മൻ കരുത്ത്. ടൂർണമെന്റിൽ ഉടനീളം മികവ് പുലർത്തി ജർമ്മൻ പ്രതിരോധം. മധ്യനിരയിൽ വോൾവ്സ്ബർഗിന്റെ ലെന സോഫി ഒഡർഡോർഫ്‌, പി.എസ്.ജിയുടെ സാറ ഡാബ്രിറ്റ്സ്, ബയേണിന്റെ ലിന മഗുൾ എന്നിവർ ജർമ്മനിക്ക് മത്സരങ്ങളിൽ ആധിപത്യം നൽകാറുണ്ട്. മുന്നേറ്റത്തിൽ ഹോഫൻഹെയിമിന്റെ ജൂൾ ബ്രാന്റ്, വോൾവ്സ്ബർഗിന്റെ സെഞ്ച ഹൂത്ത് എന്നിവർക്ക് ഒപ്പം ഇറങ്ങുന്ന ക്യാപ്റ്റൻ അലക്സാന്ദ്ര പോപ് ആണ് ജർമ്മനിയുടെ പ്രധാന കരുത്ത്. ടൂർണമെന്റിൽ കളിച്ച 5 കളികളിലും ഗോൾ കണ്ടത്തിയ വോൾവ്സ്ബർഗിന്റെ കുന്തമുനയായ പോപ് ബെത്ത് മെഡിന് ഒപ്പം ടൂർണമെന്റ് ടോപ് സ്കോറർ പോരാട്ടത്തിലും ഒപ്പം ഉണ്ട്. ഇത് വരെ 6 ഗോളുകൾ ആണ് താരം യൂറോ കപ്പിൽ നേടിയത്. അതിനാൽ തന്നെ പോപ്പിനെ ഗോൾ നേടുന്നതിൽ നിന്നു തടയുക എന്നത് ആവും ഇംഗ്ലണ്ട് നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നു. അതേസമയം ഇംഗ്ലീഷ് മുന്നേറ്റത്തെ തടയാൻ ജർമ്മൻ പ്രതിരോധത്തിന് ആവുമോ എന്നതും പ്രധാന ചോദ്യം തന്നെയാണ്. വെംബ്ലിയിൽ ഉറപ്പായിട്ടും എത്താൻ പോകുന്ന റെക്കോർഡ് കാണികൾക്ക് മുന്നിൽ ഇംഗ്ലണ്ട് കന്നി കിരീടം ഉയർത്തുമോ അതോ ജർമ്മനി ഒമ്പതാം തവണയും യൂറോപ്യൻ ജേതാക്കൾ ആവുമോ എന്നു കാത്തിരുന്നു കാണാം. രാത്രി ഇന്ത്യൻ സമയം 9.30 നു നടക്കുന്ന ഫൈനൽ സോണി ടെൻ 2 വിലും സോണി ലിവിലും തത്സമയം കാണാം.