ഇനി ആവേശം ലാറ്റിനമേരിക്കയിലേക്ക്, കോപ അമേരിക്ക തുടങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ആരാധകരെ ആവേശത്തിൽ ആഴ്ത്താൻ ലാറ്റിനമേരിക്ക ഒരുങ്ങി കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ കോപ അമേരിക്ക ടൂർണമെന്റ് ആരംഭിക്കുകയാണ്. ബ്രസീൽ ആതിഥ്യം വഹിക്കുന്ന കോപ അമേരിക്കയ്ക്ക് ബ്രസീലും ബൊളീവിയയും തമ്മിലുള്ള മത്സരത്തോടെയാണ് കിക്കോഫ് ആവുക. ജൂലൈ 7വരെ ടൂർണമെന്റ് നീണ്ടു നിൽക്കും.

12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകൾ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന. അർജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയിൽ ഉറുഗ്വേ, ചിലി, ജപ്പാൻ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.

മെസ്സിയുടെ രാജ്യാന്ത്ര കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ എന്നതും, ലോകകപ്പിലെ നിരാശയ്ക്ക് ബ്രസീൽ അവസാനം കണ്ടെത്തുമോ എന്നതും ആകും കോപയിലെ പ്രധാന കാത്തിരിപ്പ്. നെയ്മർ ഇല്ലാത്തത് ബ്രസീലിന് വലിയ തിരിച്ചടിയാകും. കൗട്ടീനോ ഫർമീനോ ജീസുസ് എന്നിവരൊക്കെ ആണ് ഇത്തവണ ബ്രസീലിന്റെ പ്രതീക്ഷ.

ലാറ്റിനമേരിക്ക് പുറത്ത് നിന്നുള്ള രണ്ട് ടീമുകളായി ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയിൽ ഇത്തവണ ഉള്ളത്. ജപ്പാന്റെ ഇത് രണ്ടാമത്തെ കോപ അമേരിക്ക ടൂർണമെന്റാകും ഇത്. യുവ ടീമുമായാണ് ജപ്പാൻ എത്തിയിരിക്കുന്നത്. 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഖത്തറിന് കോപയിലേക്ക് ക്ഷണം ലഭിച്ചത്. ഏഷ്യൻ കപ്പിലെ പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഖത്തർ.