കോപ അമേരിക്കയിൽ ഇത് വരെ കാണുന്നത് ലയണൽ മെസ്സി എന്ന അർജന്റീനയുടെ നായകൻ ആ ടൂർണമെന്റ് ഒന്നാകെ തന്റേത് മാത്രമാക്കുന്ന കാഴ്ചയാണ്. വർഷങ്ങളായി കാത്തിരിക്കുന്ന കിരീട വരൾച്ചക്ക് അർജന്റീന അവസാനം കുറിക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് വലിയ പ്രതീക്ഷ നൽകുന്നത് ആണ് മെസ്സി ഇത് വരെ നടത്തിയ പ്രകടനങ്ങൾ. ഇത് വരെ കളിച്ച 5 കളികളിൽ നിന്നായി 4 ഗോളുകളും 4 അസിസ്റ്റുകളും കണ്ടത്തിയ മെസ്സി ഇത് രണ്ടിലും ടൂർണമെന്റിൽ ഒറ്റക്ക് മുന്നിലാണ്. ഇത് കൂടാതെ ചാൻസ് ഉണ്ടാക്കിയതിനായാലും കീ പാസുകൾ നൽകിയതിൽ ആയാലും ഡ്രിബിളുകൾ ആയാലും എല്ലായിടത്തും ഒരു ലയണൽ മെസ്സി ലയം ആണ് ലാറ്റിനമേരിക്കൻ ഫുട്ബോളിൽ എങ്ങും. കൂടാതെ കളിച്ച 5 കളികളിൽ നാലിലും മെസ്സി തന്നെയായിരുന്നു കളിയിലെ കേമനും. ആദ്യ മത്സരത്തിൽ ചിലിക്ക് എതിരായ ഗംഭീര ഫ്രീകിക്ക് ഗോളോടെയാണ് മെസ്സി കോപയിൽ തന്റെ മികവ് തുടങ്ങുന്നത്. അന്ന് കളി സമനിലയിൽ ആയെങ്കിലും മെസ്സി ആയിരുന്നു കളിയിലെ കേമൻ.
തുടർന്ന് ഉറുഗ്വേക്ക് എതിരായ മത്സരത്തിൽ കളം നിറഞ്ഞു കളിച്ച മെസ്സി കോപയിലെ തന്റെ ആദ്യ അസിസ്റ്റ് കണ്ടത്തി ടീമിനെ ജയത്തിൽ എത്തിച്ചു. വീണ്ടും കളിയിലെ കേമൻ മറ്റാരും ആയിരുന്നില്ല. പരാഗ്വയെക്ക് എതിരെ പക്ഷെ കരിയറിലെ തന്നെ ഏറ്റവും മോശം മത്സരം കളിക്കുന്ന മെസ്സിയെ ആണ് കണ്ടത്. എന്നാൽ പാപ്പു ഗോമസിന്റെ ഗോളിൽ അർജന്റീന ജയിച്ചു കയറി. ബൊളീവിയക്ക് എതിരെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനക്ക് ആയി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായ മത്സരത്തിൽ 2 ഗോളുകളും ഒരു അസിസ്റ്റും നൽകി മെസ്സി തന്റെ മികവ് വീണ്ടെടുത്ത്. ഒരിക്കൽ കൂടി കളിയിലെ കേമൻ ആവാനും മെസ്സിക്ക് പറ്റി. തുടർന്നു ഇന്ന് അദ്ധ്വാനിച്ചു കളിച്ചു അർജന്റീനയെ കടുത്ത സമ്മർദ്ദത്തിലാക്കിയ ഇക്വഡോറിന് മേൽ അർജന്റീനക്ക് ഉള്ള ഏക മുൻതൂക്കം മെസ്സി കളത്തിൽ നടത്തിയ പ്രകടനം ആയിരുന്നു. രണ്ടു അതുഗ്രൻ അസിസ്റ്റുകൾ നൽകി സഹതാരങ്ങളെ ഗോൾ അടിപ്പിച്ച മെസ്സി ഒടുവിൽ ടൂർണമെന്റിലെ തന്റെ രണ്ടാം ഫ്രീകിക്ക് ഗോളിലൂടെ അർജന്റീന ജയം ഉറപ്പിക്കുകയും ചെയ്തു. പതിവ് പോലെ കളിയിലെ കേമനും മെസ്സി തന്നെയായിരുന്നു.
എന്നാൽ വ്യക്തിഗത നേട്ടങ്ങളെക്കാൾ താൻ വിലമതിക്കുന്നത് ടീമിന്റെ നേട്ടം ആണ് എന്ന് പറഞ്ഞ മെസ്സി, അർജന്റീനൻ ആരാധകരുടെ സ്വപ്നം യാഥാർത്ഥ്യം ആക്കുക ആണ് തന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു. പലപ്പോഴും മെസ്സി കളത്തിൽ നടത്തുന്ന പ്രകടനം മെസ്സി ആയത് കൊണ്ട് ആളുകൾ വിലമതിക്കാറില്ല എന്നു പറയുന്ന സമയത്തും ആരെയും അതിശയിപ്പിക്കുന്ന നിലക്ക് ആണ് ഈ കോപ അമേരിക്കയിൽ മെസ്സി പുറത്ത് എടുക്കുന്ന ഈ പ്രകടനം. പലപ്പോഴും മെസ്സി ആയിരുന്നു മറ്റ് ടീമുകളും അർജന്റീനയും ആയുള്ള ഏക വ്യത്യാസം. ഏതാണ്ട് മൂന്നു പതിറ്റാണ്ടു കാലമായി അർജന്റീന കാത്തിരിക്കുന്ന, കളിക്കാൻ തുടങ്ങിയ അന്ന് മുതൽ മെസ്സി കാത്തിരിക്കുന്ന അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിലേക്ക് ഈ പ്രകടനങ്ങൾ മെസ്സിയെയും അർജന്റീനയും എത്തിക്കുമോ എന്നു തന്നെ കണ്ടറിയാം. എങ്കിലും ഒന്നുറപ്പാണ് ഉറക്കം കളഞ്ഞു ഈ കോപ അമേരിക്ക കളി കാണുന്ന ഒരാൾക്ക് പോലും പലപ്പോഴും പറഞ്ഞു പഴകിയ മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കുന്നില്ല എന്ന വാദം ഉന്നയിക്കാൻ ആവില്ല കാരണം നിലവിൽ കോപ അമേരിക്ക നിറഞ്ഞു അർജന്റീനയെ തോളിലേറ്റി പറക്കുന്ന മാലാഖക്ക് രക്ഷകനു മിശിഹക്ക് ഒരേയൊരു പേരെയുള്ളൂ അത് ലയണൽ മെസ്സി എന്നു മാത്രമാണ്.