ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇക്വഡോറിനോട് സമനില വഴങ്ങി ബ്രസീൽ. നെയ്മറിന് വിശ്രമം നൽകി ഇറങ്ങിയ ബ്രസീലിനെ 1-1 നു ആണ് ഇക്വഡോർ സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ 37 മത്തെ മിനിറ്റിൽ എവർട്ടന്റെ ഫ്രീകിക്കിൽ നിന്നു റയൽ മാഡ്രിഡ് താരം എഡർ മിലിറ്റയാണ് ഹെഡറിലൂടെ ബ്രസീലിനു മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ കൂടുതൽ പൊരുതിയ ഇക്വഡോറിനെ ആണ് കളത്തിൽ കണ്ടത്. ഇതിന്റെ ഫലം ആയിരുന്നു എന്നർ വലൻസിയയുടെ പാസിൽ നിന്നു പകരക്കാരൻ ആയി ഇറങ്ങിയ മുന്നേറ്റ നിര താരം ആഞ്ചൽ മെന നേടിയ ഗോൾ.
സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിൽ കളിച്ച നാലിൽ മൂന്നും ജയിച്ചു 10 ഗോളുകൾ അടിച്ചു വെറും രണ്ടു ഗോളുകൾ വഴങ്ങിയ ബ്രസീൽ തന്നെയാണ് ഒന്നാമത്. അതേസമയം മൂന്നാം സമനില കണ്ടത്തിയ ഇക്വഡോർ നാലാം സ്ഥാനക്കാർ ആയി ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചു എങ്കിലും പ്രതീക്ഷിച്ച ആധിപത്യം ബ്രസീലിനു ഉണ്ടായില്ല. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. മധ്യനിര താരം ആന്ദ്ര കറില്ല ആണ് പെറുവിന്റെ വിജയഗോൾ നേടിയത്. ഇതോടെ വെനസ്വേല കോപ്പയിൽ നിന്നു പുറത്തായി. അതേസമയം പെറു ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി ക്വാർട്ടറിൽ എത്തി.