5 ഗോളുകൾ, 3 ചുവപ്പ് കാർഡ്, ടോട്ടൻഹാമിൽ കോന്റെക്ക് ആവേശകരമായ വിജയതുടക്കം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാമിൽ ആവേശകരമായ തുടക്കവുമായി അന്റോണിയോ കോന്റെ. യുഫേഫ കോൺഫറൻസ് ലീഗിൽ തന്റെ ടോട്ടൻഹാം പരിശീലകനായുള്ള ആദ്യ മത്സരത്തിൽ വിറ്റസെയെ ആണ് കോന്റെ വീഴ്ത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മത്സരത്തിൽ ഇംഗ്ലീഷ് ടീം ജയം കണ്ടത്. 5 ഗോളുകൾക്ക് പുറമെ 3 ചുവപ്പ് കാർഡ് ആണ് മത്സരത്തിൽ കണ്ടത്. മികച്ച തുടക്കം ആണ് ടോട്ടൻഹാമിനു മത്സരത്തിൽ ലഭിച്ചത്. 14 മത്തെ മിനിറ്റിൽ തന്നെ സോണിലൂടെ ഇംഗ്ലീഷ് ക്ലബ് തങ്ങളുടെ ആദ്യ ഗോൾ കണ്ടത്തി. തുടർന്ന് 22 മത്തെ മിനിറ്റിൽ രണ്ടാം ഗോൾ കണ്ടത്തിയ ലൂക്കാസ് മൗറ അവരുടെ ലീഡ് ഇരട്ടിയാക്കി. ഹാരി കെയിന്റെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോൾ. 28 മത്തെ മിനിറ്റിൽ റാസ്‌മുസന്റെ സെൽഫ് ഗോൾ വന്നതോടെ ടോട്ടൻഹാം 3-0 നു മുന്നിലെത്തി.

എന്നാൽ 32 മത്തെ മിനിറ്റിൽ വിറ്റക്കിന്റെ പാസിൽ നിന്നു ഒരു ഗോൾ തിരിച്ചടിച്ചു റാസ്‌മുസൻ. തുടർന്ന് 39 മിനിറ്റിൽ ബെരോ ഗോൾ നേടിയതോടെ ടോട്ടൻഹാം അപകടം മണത്തു. തുടർന്നും ടോട്ടൻഹാമിന്റെ പ്രതിരോധം പരീക്ഷിക്കപ്പെട്ടു. രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ക്രിസ്റ്റിയൻ റൊമേറോ രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ടോട്ടൻഹാം വലിയ സമ്മർദ്ദത്തിലായി. നിരവധി തവണ എതിരാളികൾ സമനില തോന്നും എന്നു പോലും തോന്നിച്ചപ്പോൾ ലോറിസ് ടോട്ടൻഹാമിന്റെ രക്ഷകനായി. 81 മത്തെ മിനിറ്റിൽ ഹാരി കെയിനിനെ ഫൗൾ ചെയ്ത ഡോഖി രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി. തുടർന്ന് 4 മിനിറ്റിനകം ബോക്സിന് പുറത്ത് എമേഴ്സന്റെ ഷോട്ട് കയ്യു കൊണ്ട് തടഞ്ഞ വിറ്റസെ ഗോൾ കീപ്പർ ഷുബർറ്റിനെയും റഫറി ചുവപ്പ് കാർഡ് കൊടുത്തു പുറത്താക്കിയതോടെ ടോട്ടൻഹാം ജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ആവേശകരമായ ജയം നേടാൻ ആയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കുക എന്നതിൽ ആവും ടോട്ടൻഹാമിൽ കോന്റെയുടെ ആദ്യ ചുമതല.