ഇംഗ്ലീഷ് ഫുട്ബോൾ സീസണ് ലിവർപൂളിന്റെ വിജയത്തോടെ ആരംഭം. സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള കമ്മ്യൂണിറ്റി ഷീൽഡിൽ കഴിഞ്ഞ വർഷത്തെ ലീഗ് ചാമ്പ്യന്മാരും എഫ് എ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടിയപ്പോൾ 3-1 എന്ന സ്കോറിനാണ് ലിവർപൂൾ വിജയിച്ചത്.
ഇന്ന് കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഒരു പ്രീസീസൺ മത്സരത്തിന്റെ വേഗതയെ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ. ഹാളണ്ടിനെ മുന്നിൽ ഇറക്കിയെങ്കിൽ സിറ്റിക്ക് ലിവർപൂൾ ഡിഫൻസ് പെട്ടെന്ന് ഭേദിക്കാൻ ആയില്ല. മത്സരത്തിന്റെ 21ആം മിനുട്ടിൽ ട്രെന്റ് അർനോൾഡ് ലിവർപൂളിന് ലീഡ് നൽകി. മൊ സല നൽകിയ പാസ് അപ്രതീക്ഷിതമായ ഒരു ഷോട്ടിലൂടെ അർനോൾഡ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.
ഈ ഗോളിന് മറുപടി പറയാൻ യുവ സ്ട്രൈക്കർ ആൽവാരസ് വേണ്ടി വന്നു. 70ആം മിനുട്ടിലെ അഡ്രിയന്റെ പിഴവ് മുതലാക്കിയായിരുന്നു ആൽവരസിന്റെ ഗോൾ. താരത്തിന്റെ മാഞ്ചസ്റ്റർ സിറ്റി കരിയറിലെ ആദ്യ ഗോളായി ഇത്.
ഈ സമനില അധികനേരം നീണ്ടു നിന്നില്ല. 83ആം മിനുട്ടിലെ മൊ സലായുടെ പെനാൾട്ടി ലിവർപൂളിനെ 2-1ന് മുന്നിൽ എത്തിച്ചു. റുബൻ ഡയസിന്റെ ഹാൻഡ് ബോൾ ആയിരുന്നു ലിവർപൂളിന് പെനാൾട്ടി നൽകിയത്. കളിയുടെ ഇഞ്ച്വറി ടൈമിൽ നൂനിയസിലൂടെ മൂന്നാം ഗോളും നേടി ലിവർപൂൾ കിരീടം ഉറപ്പിച്ചു.
ഈ വിജയത്തോടെ ലിവർപൂൾ പതിനാറാം കമ്മ്യൂണിറ്റി ഷീൽഡാണ് ഉറപ്പിച്ചത്.