ആഴ്‌സണലിലേക്ക് ഇനിയും താരങ്ങൾ എത്തും എന്ന സൂചന നൽകി മൈക്കിൾ ആർട്ടെറ്റ

Wasim Akram

20220730 225052

ഈ സീസണിൽ തന്നെ ആഴ്‌സണലിലേക്ക് പുതിയ താരങ്ങൾ എത്തിയേക്കും എന്ന സൂചന നൽകി പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ഇന്ന് നടന്ന സെവിയ്യക്ക് എതിരായ പ്രീ സീസൺ എമിറേറ്റ്‌സ് കപ്പ് മത്സരത്തിന് ശേഷമാണ് ആർട്ടെറ്റ ഇത് വ്യക്തമാക്കിയത്. ഇതിനകം തന്നെ ജീസുസ്, വിയേര, സിഞ്ചെങ്കോ, ടർണർ, മാർക്വീന്യോസ് അടക്കമുള്ള താരങ്ങളെ ടീമിൽ എത്തിച്ച ആഴ്‌സണൽ ഇനിയും ടീം ശക്തമാക്കാൻ ആണ് ശ്രമിക്കുന്നത്. എന്നാൽ ട്രാൻസ്ഫറുകൾ ടീം വിടുന്ന താരങ്ങളെ ആശ്രയിച്ചു ആവും എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു.

മികച്ച ടീമിനെ ഉണ്ടാക്കാൻ ആണ് ശ്രമം എന്നു പറഞ്ഞ ആർട്ടെറ്റ അതിനു തങ്ങൾക്ക് ആവും എന്നും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ പരിക്കേറ്റ ടിയേർണി, ടോമിയാസു, സ്മിത്ത് റോ, ഫാബിയോ വിയേര എന്നിവർ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് മുമ്പ് മത്സരത്തിന് തയ്യാറായേക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡഗാർഡിനെ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചതിൽ അഭിമാനം ഉണ്ടെന്നു പറഞ്ഞ ആർട്ടെറ്റ ഒഡഗാർഡ് ക്ലബിനെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന ആളാണ് എന്നും പറഞ്ഞു. ക്ലബിൽ എല്ലാവരും ബഹുമാനിക്കുന്ന സ്വഭാവത്തിന് ഉടമയാണ് ഒഡഗാർഡ് എന്നു വ്യക്തമാക്കിയ ആർട്ടെറ്റ താരത്തെ പ്രകീർത്തിക്കുകയും ചെയ്തു.