എൽ ക്ലാസികോ ഒരിക്കൽ കൂടെ ബാഴ്സലോണയോടൊപ്പം നിന്നിരിക്കുകയാണ്. ലാലിഗയിൽ ഇന്ന് നടന്ന എൽ ക്ലാസികോയിലും ബാഴ്സലോണ തന്നെ വിജയിച്ചു. റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ വിജയിച്ചത്. മൂന്ന് ദിവസം മുമ്പ് കോപ ഡെൽ റേയിലും റയലിന്റെ ഹോമിൽ വന്ന് ബാഴ്സലോണ വിജയിച്ചിരുന്നു. അന്ന് 3-0 ആയിരുന്നു സ്കോർ.
ഇന്ന് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത് റാകിറ്റിച് ആയിരുന്നു. 26ആം മിനുട്ടിൽ സർജിയോ റോബേർട്ടുടെ പാസിൽ നിന്ന് ഒരു മനോഹര ഫിനിഷിലൂടെയാണ് റാകിറ്റിച് ബാഴ്സലോണയെ മുന്നിൽ വെച്ചത്. ആ ഗോൾ മതിയായിരുന്നു ബാഴ്സക്ക് മൂന്ന് പോയന്റ് സ്വന്തമാക്കാൻ. കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഏകാകൃത ബാഴ്സയ കാണിച്ചതിനാൽ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇന്ന് റയൽ മാഡ്രിഡിനായില്ല.
തുടർച്ചയായ നാലാം തവണയാണ് റയൽ മാഡ്രിഡിന്റെ ഹോമിൽ ചെന്ന് ബാഴ്സലോണ വിജയിക്കുന്നത്. ആരും ഇതുവരെ ചെയ്യാത്ത കാര്യമാണിത്. ഇന്നത്തെ ജയത്തോടെ ബാഴ്സലോണക്ക് 60 പോയന്റായി. മൂന്നാമതുള്ള റയൽ മാഡ്രിഡിനേക്കാൾ 12 പോയന്റും രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 10 പോയന്റും മുന്നിലാണ് ഇപ്പോൾ ബാഴ്സലോണ ഉള്ളത്.