നാലു കിരീടം മോഹിച്ചു, ഒരു കിരീടത്തിൽ ഒതുങ്ങുമോ? സിറ്റിക്ക് സമ്മർദ്ദം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസൺ തുടക്കം മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ മോഹങ്ങൾ ചെറിയ കൊമ്പിൽ ഒന്നും ആയിരുന്നില്ല. ഇംഗ്ലീഷ് ഫുട്ബോളിൽ ആരും നേടാത്ത നാലു കിരീടങ്ങൾ ഒരു സീസണിൽ സ്വന്തമാക്കുന്ന ടീമായി മാറുക ആയിരുന്നു സിറ്റിയുടെ ലക്ഷ്യം. ഇത് തന്നെ ആണ് ലക്ഷ്യമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപും, താരങ്ങളായ ബെർണാഡോ സിൽവയുമൊക്കെ നിരവധി തവണ പറഞ്ഞതുമാണ്. പക്ഷെ എല്ലാ സ്വപ്നങ്ങളും ഇന്നലെ ടോട്ടൻഹാം തകർത്തു.

നേരത്തെ തന്നെ ഇംഗ്ലണ്ടിലെ ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. എഫ് എ കപ്പിൽ ആകട്ടെ മാഞ്ചസ്റ്റർ സിറ്റി ഫൈനലിലും എത്തി. അവിടെ വാറ്റ്ഫോർഡ് ആണ് ഫൈനലിലെ എതിരാളികൾ എന്നത് കൊണ്ട് സിറ്റിക്ക് കിരീട പ്രതീക്ഷ കൂടുതലാണ്. പ്രീമിയർ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തും. ലീഗിൽ ആകെ ബാക്കിയുള്ളത് അഞ്ച് മത്സരങ്ങളാണ്. ചാമ്പ്യൻസ് ലീഗിലും ഇന്നലെ ഏതാണ്ട് ഇതേ അവസ്ഥ ആയിരുന്നു.

പക്ഷെ ഇന്നലെ ടോട്ടൻഹാമിനോട് തോറ്റതോടെ സിറ്റിയുടെ സ്വപ്നങ്ങൾ തകരാൻ തുടങ്ങുകയാണ്. നാല് കിരീടങ്ങൾ ഇപ്പോൾ മൂന്ന് കിരീടമായി ഒതുങ്ങി. ഇനി ലീഗിൽ ആണ് പ്രധാന നോട്ടം. അവിടെ ആണെങ്കിൽ സിറ്റിക്ക് വലിയ കടമ്പയാണ് ഉള്ളത്. രണ്ട് വലിയ ടീമുകളെ ആണ് സിറ്റിക്ക് ഇനി നേരിടാൻ ഉള്ളത്. ഒന്ന് സിറ്റിയെ ഇന്നലെ വിറപ്പിച്ച ടോട്ടൻഹാം, പിറകെ സിറ്റിയുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ മത്സരങ്ങളിൽ ഒരു സമനില കെണിഞ്ഞാൽ വരെ ലിവർപൂൾ കിരീടവുമായി രക്ഷപ്പെട്ടേക്കും. അങ്ങനെ വന്നാൽ നാല് കിരീടം എന്ന സ്വപ്നം രണ്ടായി കുറയും.

എഫ് എ കപ്പിലെ എതിരാളികളായ വാറ്റ്ഫോർഡും അത്ര ചെറിയ ടീമല്ല. ഇപ്പോൾ ഗാർസിയയുടെ വാറ്റ്ഫോർഡ് കളിക്കുന്ന കളി കണ്ടാൽ സിറ്റി എന്നല്ല ആരും ഒന്ന് ഭയപ്പെടും. ഇപ്പോൾ നേടിയ ലീഗ് കപ്പിൽ മാത്രം ഒതുങ്ങി പോകാതിരിക്കാൻ പെപ് ഗ്വാർഡിയോള വലിയ പണി തന്നെ എടുക്കേണ്ടി വരും എന്ന് ചുരുക്കം.