ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റി കിരീടത്തിന് തൊട്ടരികിൽ. ഇന്ന് ലീഗിൽ മുന്നിലുള്ള ടീമുകളിൽ ഒന്നായ ലെസ്റ്റർ സിറ്റിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. ലെസ്റ്റർ സിറ്റിക്ക് അധികം അവസരങ്ങൾ പോലും മാഞ്ചസ്റ്റർ സിറ്റി നൽകിയില്ല. ആദ്യ പകുതിയിൽ ഫെർണാണ്ടീനോയിലൂടെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു എങ്കിലും അഗ്വേറോ ഓഫ്സൈഡ് പൊസിഷനിൽ നിന്നത് ആ ഗോൾ നിഷേധിക്കാൻ കാരണമായി.
ആദ്യ പകുതിയിൽ തന്നെ മറുവശത്ത് വാർഡിയും ഗോൾ നേടി. പക്ഷെ ആ ഗോളും ഓഫ്സൈഡ് ആയി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മെൻഡിയാണ് സിറ്റിക്ക് ലീഡ് നൽകിയത്. ഡിഫൻഡർ മെൻഡി തന്റെ വീക്ക് ഫൂട്ടായ വലതു കാൽ കൊണ്ടാണ് ഗോൾ നേടിയത്. പിന്നീട് കളി നിയന്ത്രിച്ച സിറ്റി 74ആം മിനുട്ടിൽ ജീസുസിലൂടെ രണ്ടാം ഗോളും നേടി. ഒട്ടും സ്വാർത്ഥതയില്ലാതെ സ്റ്റെർലിംഗ് നൽകിയ പാസ് ടച്ച് ചെയ്ത് വലയിൽ എത്തിക്കേണ്ട പണിയെ ജീസുസിന് ഉണ്ടായിരുന്നുള്ളൂ.
ഈ വിജയത്തോടെ സിറ്റി 31 മത്സരങ്ങളിൽ 74 പോയിന്റുമായി കിരീടത്തിന് അടുത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 17 പോയിന്റിന്റെ ലീഡ് സിറ്റിക്കുണ്ട്.