ചാമ്പ്യൻസ് ലീഗിൽ ഒരു വിഷമവുമില്ലാതെ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. ഇന്ന് നടന്ന പ്രീക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരാളികളായ ഷാൾക്കേയ്ക്ക് ചാക്ക് നിറയെ ഗോൾ കൊടുത്താണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക് കടന്നത്. ആദ്യ പാദത്തിൽ ഷാൽക്കെയുടെ ഹോമിൽ ചെന്ന് വിജയവുമായി സിറ്റി മടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് സിറ്റി ക്വാർട്ടറിലേക്ക് കടക്കും എന്ന് തന്നെ ആയിരുന്നു മിക്കവരും പ്രതീക്ഷിച്ചതും.
പക്ഷെ ഇത്ര എളുപ്പമായിരിക്കും സിറ്റിക്ക് വിജയം എന്ന് ആരും കരുതിയില്ല. എതിരില്ലാത്ത ഏഴ്യ് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ഒന്ന് വിജയിച്ചത്. 10-2ന്റെ അഗ്രിഗേറ്റ് സ്കോർ. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ഇത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അഗ്വേറോ ആണ് സിറ്റിയുടെ ആദ്യ രണ്ട് ഗോളുകളും നേടിയത്. 35, 38 മിനുറ്റുകളിൽ ആയിരുന്നു അഗ്വേറോ ഗോളുകൾ.
43ആം മിനുട്ടിൽ സാനെ ലീഡ് മൂന്നാക്കി ഉയർത്തി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സാനെ സിറ്റിക്കായി ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ സ്റ്റേർലിംഗും സിറ്റിയുടെ ഗോൾ പട്ടികയിൽ ചേർന്നു. പിന്നീട് ബെർണാഡോ സിൽവ, ജീസുസ് നവാസ്, ഫിൽ ഫോഡൻ എന്നിവരും സിറ്റിക്കായി ഗോളുകൾ അടിച്ചു കൂട്ടി.
ഈ സീസണിൽ ക്വാർട്ടറിലേക്ക് കടക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷ് ടീമാണ് മാഞ്ചസ്റ്റർ സിറ്റി. നേരത്തെ ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടറിൽ എത്തിയിരുന്നു.