നമിക്കുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ!! യുവന്റസിന് ചരിത്ര തിരിച്ചുവരവ്!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് തിരിച്ചുവരവുകളുടെ ചാമ്പ്യൻസ് ലീഗായി അറിയപ്പെടും. കഴിഞ്ഞ ആഴ്ച റയൽ മാഡിഡിനെതിരെ അയാക്സിന്റെ തിരിച്ചുവരവ്, പാരീസിൽ ചരിത്രമെഴുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്… ഇന്ന് ടൂറിനിലും അങ്ങനെയൊരു അത്ഭുതം തന്നെ നടന്നു. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ പുതിയ ചരിത്രം തന്നെ യുവന്റസ് എഴുതി. അതും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിൽ.

മാഡ്രിഡിൽ നടന്ന ആദ്യ പാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുവന്റസിനെ തോൽപ്പിച്ചിരുന്നു. ഗോഡിനും ഗിമിനസും അടങ്ങുന്ന ഡിഫൻസിനെതിരെ ആ രണ്ട് ഗോൾ മറികടക്കുക അസാധ്യമാണെന്നു തന്നെയാണ് ഫുട്ബോൾ ലോകം തന്നെ വിലയിരുത്തിയത്. പക്ഷെ യുവന്റസിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടെന്ന് എല്ലാവരും മറന്നു.

രണ്ടാം പാദത്തിൽ ഇന്ന് യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ ക്രിസ്റ്റ്യാനോ താണ്ഡവമാടി. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി ഹാട്രിക്കുമായി എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയം. 3-2ന്റെ അഗ്രിഗേറ്റ് സ്കോറിൽ യുവന്റസ് ക്വാർട്ടറിൽ. ഇന്ന് കളിയിൽ മുഴുവൻ സമയവും യുവന്റസിന്റെ അറ്റാക്ക് മാത്രമെ കണ്ടിരുന്നുള്ളൂ. കളിയുടെ 27ആം മിനുട്ടിലാണ് റൊണാൾഡോ യുവന്റസിന് അത്യാവശ്യമായിരുന്ന ആദ്യ ഗോൾ നേടുന്നത്. ബെർണാഡസ്കിയുടെ ക്രോസിൽ ഉയർന്ന് ചാടി തലവെച്ച് ഒബ്ലകിനെ കീഴ്പ്പെടുത്താൻ റൊണാൾഡോയ്ക്ക് ആയി.

രണ്ടാം പകുതിയിൽ മറ്റൊരു ഹെഡർ റൊണാൾഡോയ്ക്ക് രണ്ടാം ഗോൾ നൽകി. ഇത്തവണ ക്രോസ് വന്നത് കാൻസെലോയുടെ ബൂട്ടിൽ നിന്ന്. റൊണാൾഡോയുടെ ഹെഡർ ഒബ്ലക് സേവ് ചെയ്തു എങ്കിലും അപ്പോഴേക്ക് പന്ത് ഗോൾ വലകടന്നിരുന്നു. സ്കോർ 2-0, അഗ്രിഗേറ്റ് സ്കോർ 2-2. പിന്നെ ഡിബാലയെയും യുവതാരം കീനിനെയും ഒക്കെ ഇറക്കിൽ അലഗ്രി തീർത്തും അറ്റാക്കിലേക്ക് തന്നെ നീങ്ങി.

അതിന് താമസിയാതെ ഗുണവും ലഭിച്ചു. കളിയുടെ 86ആം മിനുട്ടിൽ യുവന്റസിന് അനുകൂലമായ പെനാൾട്ടി. കിക്ക് എടുക്കാൻ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒട്ടു പിഴച്ചില്ല. സ്കോർ 3-0. അഗ്രിഗേറ്റിൽ 3-2. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗിലെ എട്ടാം ഹാട്രിക്കായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗ് രാത്രികളിൽ എന്നും അത്ഭുതം കാണിക്കാറുള്ള റൊണാൾഡോയെ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റു നിന്നു നമിക്കുന്നത് ഇന്ന് ടൂറിനിൽ മത്സരശേഷം കാണാ‌ കഴിഞ്ഞു.