കിരീടത്തിനായി സിറ്റി ഇനിയും കാത്തിരിക്കണം, പെപിന്റെ ടീമിനെ വീണ്ടും ചെൽസി വീഴ്ത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം. ഇന്ന് വിജയിച്ചാൽ ലീഗ് കിരീടം നേടാമായിരുന്നു എങ്കിലും ചെൽസിക്ക് മുന്നിൽ ഒരിക്കൽ കൂടെ പെപിന്റെ ടീമിന് കാലിടറി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഇഞ്ച്വറി ടൈമിലെ ഗോളിന്റെ കരുത്തിൽ 2-1ന് ചെൽസി വിജയിക്കുക ആയിരുന്നു. ആദ്യ പകുതിയിൽ അഗ്വേറോ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയത് കളിയിൽ നിർണായകമായി.

ആദ്യ പകുതിയിൽ സ്റ്റെർലിങ് ആണ് മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിച്ചത്. 43ആം മിനുട്ടിൽ ക്രിസ്റ്റൻസന്റെ മോശം ഡിഫൻഡിംഗ് മുതലാക്കി ജീസുസ് ചെൽസി ബോക്സിലേക്ക് മുന്നേറി. അവിടെ നിന്ന് ജീസുസ് അഗ്വേറോക്ക് പാസ് നൽകി. അഗ്വേറൊയുടെ ഫസ്റ്റ് ടച്ച് പാളി എങ്കിലും സ്റ്റെർലിംഗ് പന്ത് വലയിലേക്ക് എത്തിച്ച് സിറ്റിക്ക് ലീഡ് നൽകി. ഈ ഗോളിന് പിന്നാലെ 45ആം മിനുട്ടിൽ സിറ്റിക്ക് ലീഡ് ഇരട്ടിയാക്കാൻ അവസരം ലഭിച്ചു. പക്ഷെ കിട്ടിയ പെനാൾട്ടി അഗ്വേറോ എടുത്തെങ്കിലും മെൻഡിയുടെ കൈകളിൽ പന്ത് സുരക്ഷിതമായി നിന്നു.

രണ്ടാം പകുതിയിൽ സമനില നേടാൻ ചെൽസി ശ്രമിച്ചു. 63ആം മിനുട്ടിൽ അവരുടെ ശ്രമങ്ങൾ ഫലം കണ്ടു. അസ്പിലികെറ്റയുടെ പാസിൽ നിന്ന് ഒരു ഇടൻ കാലൻ ഷോട്ടിലൂടെ ഹകിം സിയെച് ചെൽസിക്ക് സമനില നേടിക്കൊടുത്തു. ഈ ഗോൾ ഉൾപ്പെടെ രണ്ടാം പകുതിയിൽ ചെൽസി തന്നെ ആയിരുന്നു മികച്ചു നിന്നത്. വലതു വിങ്ങിലൂടെ റീസ് ജെയിംസിന്റെ മുന്നേറ്റങ്ങൾ സിറ്റി ഡിഫൻസിന് തലവേദന ആയി‌. 78ആം മിനുറ്റിൽ വെർണറിലൂടെയും 80ആം മിനുട്ടിൽ ഹുഡ്സൺ ഒഡോയിയിലൂടെയും ചെൽസി വല കുലുക്കി എങ്കിലും രണ്ടും ഓഫ്സൈഡ് ആയിരുന്നു.

എന്നാൽ ചെൽസി ഇതിൽ ഒന്നും തളർന്നില്ല. ഇഞ്ച്വറി ടൈമിൽ അലോൺസോയിലൂടെ ചെൽസി വിജയ ഗോൾ നേടി. 93ആം മിനുട്ടിൽ വെർണറിന്റെ പാസിൽ നിന്ന് അലോൺസോ ആണ് സിറ്റിക്ക് വിജയം നൽകിയ ഗോൾ നേടിയത്. ഈ പരാജയം സിറ്റിയുടെ കിരീടത്തിനായുള്ള കാത്തിരിപ്പ് നീട്ടും. പക്ഷെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ഇത് വലിയ ഊർജ്ജമാവുകയും ചെയ്യും. ഈ രണ്ട് ടീമുകളും മൂന്ന് ആഴ്ച കഴിഞ്ഞു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും.

ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 67 പോയിന്റും. ഇനി സിറ്റിക്ക് അവശേഷിക്കുന്നത് 3 മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് നേടുകയോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുകയോ ചെയ്താൽ സിറ്റിക്ക് കിരീടം നേടാം. ചെൽസി 64 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.