മാഞ്ചസ്റ്റർ സിറ്റിയെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയത് സന്തോഷം നൽകുക പ്രീമിയർ ലീഗിലെ നാലാം സ്ഥാനത്തിനായി പൊരുതുന്ന ക്ലബുകൾക്കായിരിക്കും. സിറ്റിയുടെ വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. മാഞ്ചസ്റ്റർ സിറ്റി യൂറോപ്പിൽ കളിക്കാൻ ആവാതെ വിലക്ക് നേരിടുന്നതോടെ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർക്കും ചാമ്പ്യൻസ് ലീഗിൽ യോഗ്യത ലഭിക്കും.
ഇപ്പോൾ ലിവർപൂൾ, ലെസ്റ്റർ സിറ്റി, ചെൽസി എന്നിവരാണ് സിറ്റിയെ കൂടാതെ ആദ്യ നാലു സ്ഥാനങ്ങളിൽ ഉള്ളത്. ഇതിൽ ലിവർപൂളും ലെസ്റ്റർ സിറ്റിയും വളരെ മുന്നിൽ ആണ് ഉള്ളത്. നാലാമതുള്ള ചെൽസിയും ഒമ്പതാമത് ഉള്ള വോൾവ്സും തമ്മിലാകെ അഞ്ചു പോയന്റ് വ്യത്യാസമെ ഉള്ളൂ. ചെൽസി, ഷെഫീൽഡ് യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, എവർട്ടൺ, വോൾവ്സ് എന്നിവരിൽ ആർക്കും നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും എത്തിപ്പിടിക്കാവുന്ന അവസ്ഥയിലാണ്.
ഇത് ആദ്യ അഞ്ചിൽ എത്താനുള്ള പോരാട്ടം കടുപ്പമാക്കുകയും ചെയ്യും. സീസണിൽ ഏരെ നിരാശ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഒരു സുവർണ്ണാവസരം ആകും. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുകയാണെങ്കിൽ ഒലെയുടെ യുണൈറ്റഡ് ഭാവി സുരക്ഷിതമാകും. ഷെഫീൽഡ് യുണൈറ്റഡും പ്രതീക്ഷയിലാകും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ കളിച്ച ഷെഫീൽഡ് ചാമ്പ്യൻസ് ലീഗിൽ ഒറ്റ സീസൺ കൊണ്ട് എത്തിയാൽ അത് ചരിത്രമായി തന്നെ മാറും.
മാഞ്ചസ്റ്റർ സിറ്റിയുടെ അപ്പീൽ പരാജയപ്പെട്ടാൽ വരുന്ന സീസണിൽ തന്നെ സിറ്റി യൂറോപ്പിൽ നിന്ന് പുറത്താകും.