മാനന്തവാടിയിൽ ലിൻഷാ മണ്ണാർക്കാടിന് കിരീടം, വിജയം ടോസിന്റെ ഭാഗ്യത്തിൽ

മാനന്തവാടി അഖിലേന്ത്യാ സെവൻസ് കിരീടം ലിൻഷാ മണ്ണാർക്കാട് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആണ് ലിൻഷാ മണ്ണാർക്കാട് കിരീടത്തിൽ മുത്തമിട്ടത്. ഒപ്പത്തിനൊപ്പം ഇരു ടീമുകളും പോരടിച്ച മത്സരത്തിൽ അവസാനം ടോസ് വേണ്ടി വന്നു വിജയികളെ കണ്ടെത്താൻ. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. തുടർന്ന് എക്സ്ട്രാ ടൈമിലും രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.

അവസാനം പെനാൽറ്റി ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താൻ ആയില്ല. അങ്ങനെ ടോസിന്റെ ഭാഗ്യത്തിനു വിട്ടപ്പോളാ ഭാഗ്യം ലിൻഷയ്ക്ക് ഒപ്പം നിന്നു. സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ആയിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ ഫൈനൽ പ്രവേശനം. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ ആദ്യ കിരീടമാണിത്.