നിലവിലെ ചാമ്പ്യന്മാരും ഗംഭീര ഫോമിലും ഉള്ള മാഞ്ചസ്റ്റർ സിറ്റിയെ ആകെ വിറപ്പിച്ചും ആഴ്സണലിന് പരാജയം ഒഴിവാക്കാൻ ആയില്ല. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ഗംഭീര മത്സരത്തിൽ ഇഞ്ച്വറി ടൈമിലെ വിജയ ഗോളിൽ ആണ് മാഞ്ചസ്റ്റർ സിറ്റി മൂന്ന് പോയിന്റ് സ്വന്തമാക്കിയത്. ഇന്ന് ആദ്യ പകുതിയിൽ തീർത്തും ആഴ്സണലിന്റെ ആധിപത്യം ആണ് കണ്ടത്. അവർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ഒരു ഷോട്ട് ടാർഗറ്റിലേക്ക് പോലും തൊടുക്കാൻ സിറ്റിക്ക് ആയില്ല.
31ആം മിനുട്ടിൽ ടിയേർനിയുടെ പാസിൽ നിന്ന് സാക ആഴ്സണലിന് ലീഡ് നൽകി. താരത്തിന്റെ ഈ സീസണിലെ ആറാമത്തെ ലീഗ് ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ ആഴ്സണൽ പിന്നെയും അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ വന്നില്ല. രണ്ടാം പകുതിയും ആഴ്സണൽ നല്ല രീതിയിലാണ് തുടങ്ങിയത്. എന്നാൽ 56ആം മിനുട്ടിൽ സാക ബെർണാഡോ സിൽവയെ ഫൗൾ ചെയ്തതിന് VAR പെനാൽറ്റി വിധിച്ചു. പെനാൾട്ടി എടുത്ത മെഹ്റസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ച് സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സിറ്റിയുടെ കളിയിലെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു അത്.
ആകെയുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസ് വീണ്ടും ഗോൾ വഴങ്ങുന്നതിൽ നിന്ന് സിറ്റിയെ രക്ഷിച്ചു. 59ആം മിനുട്ടിൽ ഗബ്രിയേലിന്റെ ചുവപ്പ് കാർഡ് ആഴ്സണലിനെ ഞെട്ടിച്ചു. അനാവശ്യമായ ഫൗൾ ചെയ്ത് ഗബ്രിയേൽ രണ്ടാം മഞ്ഞകാർഡ് കണ്ട് കളം വിട്ടതോടെ കളി സിറ്റിയുടെ കയ്യിലായി. പിന്നെ സിറ്റിയുടെ തുടർ അറ്റാക്കുകൾ. അവസാനം ഇഞ്ച്വറി ടൈമിൽ റോഡ്രിയുടെ ഗോളിൽ സിറ്റിയുടെ വിജയം.
ആഴ്സണൽ 35 പോയിന്റുമായി ലീഗിൽ നാലാമത് തുടരുമ്പോൾ സിറ്റി ഒന്നാം സ്ഥാനത്ത് 53 പോയിന്റുമായി നിൽക്കുകയാണ്.